
കൊൽക്കത്ത: ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന് ബിജെപി എംപി ദിലീഷ് ഘോഷ്. പശ്ചിമ ബംഗാളിൽ അധികാരത്തിൽ വരുമ്പോൾ കൊൽക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യുമെന്നും ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്നത് ഇഷ്ടപ്പെടാത്തവർക്ക് രാജ്യം വിട്ടു പോവാമെന്നും ഖരഗ്‍പൂരില്‍ ചായ് പേ ചർച്ച പരിപാടിയിൽ സംസാരിക്കവെ ദിലീപ് ഘോഷ് പറഞ്ഞു.
''പേരുമാറ്റുന്നതിൽ എതിർപ്പുള്ളവർക്ക് രാജ്യം വിടാം, കൊൽക്കത്തിയിലെ വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യണം. പശ്ചിമ ബംഗാളിൽ ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ, കൊൽക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും ഞങ്ങൾ നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരത് എന്ന് ഞങ്ങള്‍ പുനർനാമകരണം ചെയ്യും. അത് ഇഷ്ടപ്പെടാത്തവർക്ക് രാജ്യം വിടാൻ സ്വാതന്ത്ര്യമുണ്ട്." - അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് ലോക രാജ്യങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാരെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.