'ചീറ്റകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ചാകാൻ വിടുന്നു'; ചീറ്റ പ്രോജക്റ്റിനെ വിമർശിച്ച് വരുൺ ഗാന്ധി

നമ്മുടെ സ്വന്തം ജീവജാലങ്ങളെയും അവയുടെ ചുറ്റുപാടുകളെയും സംരക്ഷിക്കുന്നതിനാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്നും വരുൺ എക്സിൽ കുറിച്ചു.
'ചീറ്റകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ചാകാൻ വിടുന്നു'; ചീറ്റ പ്രോജക്റ്റിനെ വിമർശിച്ച് വരുൺ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന പ്രോജക്റ്റായി എൻഡിഎ സർക്കാർ ഉയർത്തിക്കാണിച്ച ചീറ്റാ പ്രോജക്റ്റിനെ ശക്തമായി വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൂടുതൽ ചീറ്റകളെ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വരുൺ ഗാന്ധി എതിർപ്പ് തുറന്നു പറഞ്ഞത്. തനതായ പരിസ്ഥി ഉറപ്പാക്കി ഇന്ത്യയിൽ തന്നെ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്ത് അതിൽ 9 എണ്ണത്തിനെ ചാകാൻ വിടുന്നത് വെറും ക്രൂരത മാത്രമല്ല ഭയാനകമായ അവഗണന കൂടിയാണെന്നാമ് അദ്ദേഹം എക്സിൽ കുറിച്ചത്. ഇത്തരത്തിൽ മഹനീയമായ ജീവിവർഗങ്ങളെ ഇവിടെ കൊണ്ടു വന്ന് കഷ്ടപ്പെടുത്തുന്നതിനേക്കാൾ നമ്മുടെ സ്വന്തം ജീവജാലങ്ങളെയും അവയുടെ ചുറ്റുപാടുകളെയും സംരക്ഷിക്കുന്നതിനാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 17നാണ് ചീറ്റാ പ്രോജക്റ്റിനു തുടക്കമായത്. ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും ഇറക്കുമതി ചെയ്ത് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നു വിട്ട 20 ചീറ്റകളിൽ 9 എണ്ണം ചത്തു. ഇതേത്തുടർന്ന് വിമർശനം ശക്തമായിരുന്നു. അതിനിടെയാണ് കൂടുതൽ ചീറ്റകളെ ഇറക്കുമതി ചെയ്യുന്നതായി കേന്ദ്രസർക്കാർ വെളിപ്പെടുത്തിയത്. അടുത്ത ബാച്ച് ചീറ്റകളെ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ തുറന്നു വിടാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com