

തമന്നയെ മൈസൂർ സോപ്പിന്‍റെ അംബാസഡറാക്കിയതിനെതിരേ ബിജെപി
ബംഗലുരൂ: 108 വർഷത്തെ പാരമ്പര്യമുള്ള കർണാടകയുടെ സ്വന്തം മൈസൂർ സാൻഡൽ സോപ്പ് പുതിയ രൂപത്തിൽ വിപണിയിലിറങ്ങുകയാണ്. ഇതിനിടെ വിവാദം ഉടലെടുത്തിരിക്കുകയാണ്. മൈസൂർ സോപ്പ് നിർമിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ കർണാടക സോപ്സ് ആന്‍റ് ഡിറ്റർജന്‍റെ ലിമിറ്റഡിന്‍റെ ബ്രാൻഡ് അംബസറായി നടി തമന്ന ഭാട്ടിയയെ തെരഞ്ഞെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
മൈസൂർ സോപ്പിന്‍റെ പരസ്യത്തിന് കന്നഡ താരങ്ങളെ നിയമിക്കുന്നതിന് പകരം മുംബൈയിൽ ജനിച്ച തമന്നയെ ബ്രാൻഡ് അംബാസഡറാക്കിയത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. കഴിഞ്ഞദിവസമാണ് വ്യവസായ മന്ത്രി എം.ബി, പാട്ടിൽ മൈസൂർ സാൻഡൽ സോപ്പ് വീണ്ടും അവതരിപ്പിക്കുന്നതിനെ കുറിച്ച് എക്സിൽ കുറിപ്പ് പങ്കുവെച്ചത്. ഇതോടെ ബ്രാൻഡ് അംബാസഡറായ തമന്ന ഭാട്ടിയയുടെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്ററും ഇതിനൊപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ബിജെപി രംഗത്തെത്തിയത്.
കർണാടകയിലെ കോൺഗ്രസ് സർക്കാരിന് കന്നഡ വിരുദ്ധ മനോഭാവത്തിന്‍റെ ഉദാഹരണമാണ് ഇതെന്നും ബിജെപി എംപി സുധാകർ വ്യക്തമാക്കി. കർണാടകയിൽ നല്ല താരങ്ങൾ ഉണ്ടായിട്ടും കോടികൾ മുടക്കി അന്യഭാഷ നടിയെ കൊണ്ടുവന്നത് ശരിയായില്ലെന്നും ബിജെപി ആരോപിച്ചു. രമ്യ, രശ്മിക മന്ദാന, ശ്രിനിധി ഷെട്ടി, പൂജ ഹെഗ്ഡെ. രുക്മണി വസന്ത് തുടങ്ങിയ താരങ്ങൾ ഉള്ളപ്പോഴാണ് തമന്നയെ തെരഞ്ഞെടുത്തിരിക്കുന്നത്. നാട്ടിലെ പ്രതിഭകളെ അപമാനിക്കുന്നതിന് തുല്യമാണ്.കൂടാതെ മൈസൂർ സാൻഡൽ സോപ്പിന്‍റെ അഭിമാനത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ബിജെപി ആരോപിച്ചു.
കഴിഞ്ഞ മെയിലാണ് 6.2 കോടി ചെലവഴിച്ച് തമന്ന മൈസൂർ സോപ്പിന്‍റെ ബ്രാൻഡ് അംബാസിഡറാക്കിയത്. തമന്നയെ ബ്രാൻഡ് അംബാസിഡറാക്കിയത് മാർക്കിങ് വിദ്ഗധരുമായി കൂടി ആലോചിച്ചാണെന്ന് മന്ത്രി എം.ബി.പാട്ടിൽ പറഞ്ഞു. പാൻ-ഇന്ത്യൻ നടി, കൂടുതൽ ഫോളോവേഴ്സുള്ള വിപുലമായ ഡിജിറ്റൽ സാന്നിധ്യം എന്നിവ പരിഗണിച്ചാണ് തമന്നയെ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.