

രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രമേയം
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യമായി ബിജെപി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ എംപി സഭയിൽ പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്‍റി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞതിന് പിന്നാലെയാണ് നടപടി.
രാഹുൽ ദേശവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ രാഹുലിന്‍റെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.
ഫെബ്രുവരി 2ന് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവണെയുടെ അപ്രകാശിത ഓർമ്മക്കുറിപ്പിലെ 2020ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ചത് മുതൽ സഭയിൽ ബഹളത്തിന് വഴിവെച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കങ്ങൾ. ബജറ്റ് ചർച്ചയ്ക്കിടയിൽ കേന്ദ്രസർക്കാരിനെതിരേ കടുത്ത വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെയ്ക്കുന്നതാണെന്നും സർക്കാർ രാജ്യത്തെ വിറ്റുവെന്നും രാഹുൽ ആരോപിച്ചു. വ്യാപാര കരാറിലെ ജനവിരുദ്ധ വ്യവസ്ഥകൾക്കെതിരേയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാർ വ്യാഴാഴ്ച മകർദ്വാറിന് മുന്നിൽ പ്രതിഷേധം നടത്തി.
സഭയിൽ ബഹളം രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രമേയം