

രാഹുൽ ഗാന്ധി
ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിൽ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ആയുധമാക്കി ബിജെപി. ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുകയാണ് രാഹുൽ ചെയ്യുന്നതെന്നും അനുകൂലമായപ്പോൾ എല്ലാം ശരിയാണെന്ന നിലപാടാണ് രാഹുൽ സ്വീകരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
ഇരട്ടത്താപ്പ് ജനാധിപത്യത്തെ ദുർബലമാക്കുമെന്നും സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ബിജെപി വക്താവ് അമിത് മാളവ്യ പ്രതികരിച്ചു. സാഹചര്യത്തിനനുസരിച്ച് ഒഴിവുകഴിവുകൾ പറയുന്നവരെയല്ല, തോൽവിയും അംഗീകരിക്കുന്നവരെയാണ് ജനാധിപത്യത്തിന് വേണ്ടത്. ഈ വിഷയത്തിൽ പ്രതിപക്ഷം ഗൗരവമായ പുനർ ചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അമിത് മാളവ്യയുടെ വിമർശനത്തിനെതിരേ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് രംഗത്തെത്തി. എന്തുകൊണ്ടാണ് ഇവിഎമ്മിനെ ആശ്രയിക്കുന്നതെന്നും ചലഞ്ചായി കണ്ട് അത് ഒഴിവാക്കിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ വോട്ട് ചോരിക്കെതിരേ ഞായറാഴ്ച മഹാറാലി നടക്കാനിരിക്കെയാണ് വിമർശവനം ഉയർന്നത്.