''അവർ സ്വതന്ത്രരായി പ്രണയിക്കട്ടെ, നിയമക്കുരുക്കുകൾ വേണ്ട...'', ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കൗമാരക്കാർക്കിടയിലെ പ്രണയത്തെ നിയമക്കുരുക്കിൽ പെടുത്തരുതെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ പ്രണയിക്കാനും ബന്ധങ്ങളിലേർപ്പെടാനും അവർക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാവാത്തവർ തമ്മിലുള്ള ബന്ധത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം.
കുറ്റകൃത്യങ്ങൾ ഉണ്ടാകുമെന്ന ഭയമില്ലാതെ കൗമാരക്കാർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും ബന്ധങ്ങളിൽ ഏർപ്പെടാനും അവകാശമുണ്ട്. പ്രണയത്തെ ശിക്ഷിക്കുന്നതിനു പകരം, ചൂഷണവും ദുരുപയോഗവും തടയുന്നതിലായിരിക്കണം നിയമത്തിന്‍റെ ശ്രദ്ധ. പ്രണയം ഒരു അടിസ്ഥാന മനുഷ്യാനുഭവമാണെന്നും, കൗമാരക്കാർക്ക് വൈകാരിക ബന്ധങ്ങൾ രൂപപ്പെടുത്താനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിർബന്ധങ്ങളില്ലാത്ത പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ അംഗീകരിക്കുന്നതും ബഹുമാനിക്കാനുന്നതുമാവണം നിയമം. കൗമാര കാലത്തെ സ്നേഹ ബന്ധങ്ങൾ സാധാരണമാണെന്നു തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വളരേണ്ടതുണ്ട്. കൗമാര ബന്ധങ്ങളുടെ കേസുകളിൽ ഇത്തരമൊരു സമീപനമല്ല വേണ്ടതെന്നും കോടതി പറഞ്ഞു.
പ്രായപൂർത്തിയാകുന്നതിനു മുൻപ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി പതിനെട്ടുകാരനൊപ്പം വീടുവിട്ടുപോയ സംഭവത്തിൽ പോക്സോ കേസ് ചുമത്തിയ വിഷയത്തിലാണ് നിരീക്ഷണം. ഇരുവരും പരസ്പര സമ്മതത്തോടെയാണ് പ്രണയിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതെന്നു തെളിഞ്ഞിരുന്നു. ലൈംഗിക പ്രവൃത്തിയെ ചെറുക്കുന്നതിനെ സൂചിപ്പിക്കുന്ന പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നത് നിർണായക തെളിവായി.
പോക്സോ നിയമത്തിലെ സെക്ഷൻ 4 പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഡൽഹി പൊലീസാണ് ഹൈക്കോടതിയെ സമർപ്പിച്ചത്.
പെൺകുട്ടിക്ക് സംഭവം നടന്ന ദിവസം 18 വയസ് തികഞ്ഞിരുന്നില്ലെന്ന് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിചാരണക്കോടതി നിരീക്ഷിച്ചിരുന്നു. അതനുസരിച്ച്, പോക്സോ നിയമത്തിലെ സെക്ഷൻ 4, സെക്ഷൻ 3 എന്നിവ പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.