37 വർഷം മുൻപ് കാണാതായ സഹോദരനെ എസ്ഐആറിലൂടെ കണ്ടെത്തി ബിൽഒ

ബൂത്ത് ലെവൽ ഓഫീസറായ പ്രദീപ് ചക്രവർത്തിയാണ് തന്‍റെ മൂത്ത സഹോദരനെ അവിചാരിതമായി കണ്ടെത്തിയത്
blo found his missing brother after 37 years through sir

പ്രദീപ് ചക്രവർത്തിയും കുടുംബവും

Updated on

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു പിന്നാലെ രാജ്യത്താകെ വലിയ രാഷ്ട്രീയ സംവാദങ്ങൾക്ക് കാരണമാവുകയാണ് എസ്ഐആർ. അമിത ജോലി ഭാരം മൂലം എസ്ഐആർ ചുമതലയുള്ള ബിഎൽഒമാർ പലയിടങ്ങളിലും ആത്മഹത്യ ചെയ്തതും ആശങ്കകൾക്ക് കാരണമായിരുന്നു. എന്നാൽ എസ്ഐആറിലൂടെ 37 വർഷം മുൻപ് കാണാതായ തന്‍റെ സഹോദരനെ കണ്ടെത്തിയിരിക്കുകയാണ് ഒരു ബിഎൽഒ.

പശ്ചിമ ബംഗാളിലെ പുറുലിയ ഗ്രാമത്തിലെ ബൂത്ത് ലെവൽ ഓഫീസറായ പ്രദീപ് ചക്രവർത്തിയാണ് തന്‍റെ മൂത്ത സഹോദരനെ അവിചാരിതമായി കണ്ടെത്തിയത്. പ്രദീപിന്‍റെ സഹോദരൻ വിവേക് ചക്രവർത്തി 1988ലാണ് വീടു വിട്ടത്. തുടർന്ന് കുടുംബം ഏറെനാൾ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.

പ്രദീപ് ബിൽഒ ആയതിനു പിന്നാലെ വിവേകിന്‍റെ മകനിൽ നിന്ന് വന്ന ഫോൺ കോളാണ് കുടുംബത്തിന്‍റെ തീരാവേദനയ്ക്ക് അറുതിവരുത്തിയത്. കൊൽക്കത്തയിൽ താമസിക്കുന്ന വിവേകിന്‍റെ മകൻ രേഖകൾ സമർപ്പിക്കുന്നതിന് സഹായം തേടിക്കൊണ്ടാണ് പ്രദീപിനെ വിളിക്കുന്നത്. ഔദ്യോഗികമായ കാര്യങ്ങളെക്കുറിച്ച് തുടങ്ങിയ സംസാരം അപ്രതീക്ഷിതമായി കുടുംബത്തിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് തന്‍റെ സഹോദരന്‍റെ മകനോടാണ് താൻ സംസാരിക്കുന്നതെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്. തുടർന്ന് 37 വർഷത്തിന് ശേഷം തന്‍റെ സഹോദരന്‍റെ ശബ്ദം അദ്ദേഹം ആദ്യമായി കേട്ടു.

'എന്‍റെ സഹോദരൻ അവസാനമായി വീട്ടിലേക്ക് വന്നത് 1988ലാണ്. അതിന് ശേഷം അദ്ദേഹം അപ്രത്യക്ഷമായി. ഞങ്ങൾ എല്ലായിടത്തും തിരഞ്ഞു. ചിലപ്പോൾ അഭിമാനബോധമോ തെറ്റിദ്ധാരണയോ കാരണമായിരിക്കും അദ്ദേഹം ഞങ്ങളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. ആ കുട്ടി വിളിച്ചപ്പോൾ അവൻ ഞങ്ങൾ കുടുംബത്തിന് മാത്രം അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് മനസിലായി. ഞാൻ എന്‍റെ അനന്തിരവനോടാണ് സംസാരിക്കുന്നതെന്ന്.' - പ്രദീപ് പറഞ്ഞു.

37 വർഷത്തിനു ശേഷം വീട്ടിലേക്ക് തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്ന് വിവേക് പ്രതികരിച്ചു. എസ്ഐആർ ഇല്ലായിരുന്നെങ്കിൽ തനിക്ക് വീട്ടിലേക്ക് തിരിച്ചെത്താനാവില്ലായിരുന്നു എന്ന് പറഞ്ഞ വിവേക് തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com