ഡൽഹി അധികാരത്തർക്കം: സുപ്രീം കോടതിയിൽ കേന്ദ്രത്തിനു തിരിച്ചടി

അധികാരം സംസ്ഥാന സർക്കാരിന്, കേന്ദ്രത്തിനു നിയന്ത്രണം പരിമിതം
ഡൽഹി അധികാരത്തർക്കം: സുപ്രീം കോടതിയിൽ കേന്ദ്രത്തിനു തിരിച്ചടി

ന്യൂഡൽഹി: ഡൽഹിയിലെ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീം കോടതി. പൊലീസ്, വസ്തു, ക്രമസമാധാനം എന്നീ വിഷയങ്ങളിൽ മാത്രമാണ് കേന്ദ്രത്തിന് അധികാരമുള്ളതെന്നും കോടതി വ്യക്തമാക്കി.

ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് ഇവിടത്തെ സർക്കാരും ലെഫ്. ഗവർണറും തമ്മിൽ ദീർഘകാലമായി തുടരുന്ന തർക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

ലെഫ്. ഗവര്‍ണറെ ഉപയോഗിച്ച് ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം റദ്ദാക്കിയതും നിർണായകമായ ഫയലുകൾ വച്ചുതാമസിപ്പിക്കുന്നതും അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നതുമെല്ലാമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

നേരത്തെ, ഡൽഹിയുടെ ഭരണത്തലവൻ ലെഫ്. ഗവർണറാണെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ആം ആദ്മി പാർട്ടി നൽകിയ ഹർജിയിൽ, യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് നാലു വർഷം മുൻപും സുപ്രീം കോടതി വിധിച്ചിരുന്നതാണ്. പ്രായോഗിക തലത്തിൽ ലെഫ്. ഗവർണറെക്കാൾ അധികാരം മുഖ്യമന്ത്രിക്കു തന്നെയാണെന്നാണ് കോടതി വ്യക്തമാക്കിയിരുന്നതാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും നിർദേശിച്ചിരുന്നു.

എന്നാൽ, പുതിയ വിഷയങ്ങളുടെ പേരിൽ സർക്കാരും ലെഫ്. ഗവർണറും തമ്മിലുള്ള തർക്കും തുടർന്നതോടെ വിഷയം വീണ്ടും കോടതിയിലെത്തുകയായിരുന്നു. രണ്ടംഗ ബെഞ്ച് ഭിന്ന വിധിയെഴുതിയതോടെ, മൂന്നംഗ ബെഞ്ചിനു വിട്ടു. പിന്നീട് അഞ്ചംഗം ഭരണഘടനാ ബെഞ്ചിലേക്കും, കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കണക്കിലെടുത്ത് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്കും മാറ്റുകയായിരുന്നു. ഈ ബെഞ്ചാണ് ഇപ്പോൾ അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

രാഷ്‌ട്രപതിയുടെയും കേന്ദ്ര സർക്കാരിന്‍റെയും പ്രതിനിധിയായ ലെഫ്. ഗർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്ക് സാധുതയില്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ, മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നു വ്യത്യസ്തമാണ് ഡൽഹിയുടെ സാഹചര്യമെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. മന്ത്രിസഭയുടെയും ഉപദേശപ്രകാരമാണ് ലെഫ്. ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഭരണഘടന ഉയർത്തിക്കാട്ടി സർക്കാർ വാദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com