
അങ്കാറ, കോട്ദ്വാർ: തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരഖണ്ഡിൽ പൗരി ജില്ലയിലെ കോട്ദ്വാറിനു സമീപം പാദംപുർ സ്വദേശി വിജയ് കുമാർ ഗൗഡിന്റെ മൃതദേഹമാണ് മലാത്യയിൽ തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകാത്ത വിധം പരുക്കേറ്റിരുന്നു. കൈയിലെ "ഓം' എന്ന ടാറ്റുവാണ് തിരിച്ചറിയാൻ സഹായിച്ചത്. അതേസമയം, ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരണം 24500 കടന്നു.
ബംഗളൂരു കേന്ദ്രമായ ഓക്സി പ്ലാന്റ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഗൗഡ്. ഔദ്യോഗികാവശ്യത്തിനാണു തുർക്കിയിലെത്തിയത്. 20ന് മടങ്ങാനിരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിനു ഫോണിൽ കോട്ദ്വാറിലെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പല തവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഭാര്യയും ആറു വയസുള്ള മകനുമുണ്ട്. മൃതദേഹം ഈസ്റ്റംബുളിലെത്തിച്ചശേഷം ഇന്ത്യയിലേക്കു കൊണ്ടുവരും. വീട്ടിലെത്തിക്കാൻ മൂന്നു ദിവസം വേണ്ടിവരുമെന്ന് തുർക്കിയിലെ ഇന്ത്യൻ എംബസി.
തുർക്കി ഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായെന്നും 10 പേർ വിവിധയിടങ്ങളിലായി കുടുങ്ങിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വിവിധയിടങ്ങളിൽ കുടുങ്ങിയ പത്തു പേരും സുരക്ഷിതരെന്നു മന്ത്രാലയം പിന്നീട് അറിയിച്ചു. തുർക്കിയിൽ 3000 ഇന്ത്യക്കാരാണുള്ളത്. ഇഴരിൽ 1800 പേർ ഈസ്റ്റംബുളിലാണ്. 250 പേർ അങ്കാറയിൽ. അവശേഷിക്കുന്നവർ രാജ്യത്ത് പലയിടങ്ങളിലായി കഴിയുന്നു. കഴിഞ്ഞ ആറിനുണ്ടായ ഭൂകമ്പത്തിൽ ഗൗഡ് താമസിച്ചിരുന്ന ഹോട്ടൽ പൂർണമായി തകർന്നു.
ഭൂകമ്പത്തിൽ തുർക്കിയിൽ 21043 പേരും സിറിയയിൽ 3533 പേരും മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.