
"നിരന്തര പോരാട്ടം, രണ്ടാം അധ്യായത്തിന് തയാർ'; അഞ്ചു വർഷത്തിന് ശേഷം പാസ്പോർട്ട് കൈയിൽ പിടിച്ച് റിയ ചക്രബർത്തി
ന്യൂഡൽഹി: സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച പാസ്പോർട്ട് അഞ്ച് വർഷത്തിനുശേഷം തിരികെ ലഭിച്ചതായി ബോളിവുഡ് നടി റിയ ചക്രവർത്തി. കേസിൽ ബോംബെ ഹൈക്കോടതി റിയയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെയാണ് പാസ്പോർട്ട് തിരിച്ചു കിട്ടിയത്. സുശാന്തിന്‍റെ അടുത്ത സുഹൃത്തായിരുന്നു റിയ.
"കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ക്ഷമ മാത്രമായിരുന്നു ഏക പാസ്പോർട്ട്. നിരന്തര പോരാട്ടം. ഇന്ന് എനിക്കിതു തിരിച്ചു കിട്ടി. രണ്ടാം അധ്യായത്തിനു തയാർ! സത്യമേവ ജയതേ'' എന്ന് താരം പാസ്പോർട്ടിന്‍റെ ചിത്രം പങ്കു വച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നു കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടിയെ 2020ൽ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ജാമ്യത്തിനുള്ള ഉപാധി എന്ന നിലയിലാണ് പാസ്പോർട്ട് കൈമാറിയത്.