
ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി
ANI
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. അഞ്ച് സ്കൂളുകൾക്കാണ് വ്യാഴാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടർന്ന് വിദ്യാർഥികളെയും മറ്റ് ജീവനക്കാരെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.
തിങ്കളാഴ്ച രാവിലെയും ഡൽഹിയിലെ ഡിപിഎസ്, ദ്വാരക ഉൾപ്പെടെ ഇരുപതോളം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്നും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഇമെയിൽ വഴിയാണ് എല്ലാ ഭീഷണി സന്ദേശങ്ങളും എത്തിയത്. മെയിലുകളിലെ ഉള്ളടക്കങ്ങൾ സമാനമായിരുന്നതിനാൽ വ്യാജ ഭീഷണിക്കു പിന്നിൽ ഓരേ ആളാണെന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ്.
2025 ജനുവരി മുതൽ, ഡൽഹി-എൻസിആറിൽ 70 സ്‌കൂളുകൾക്കും നാല് കോളെജുകൾക്കും ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. ജൂലൈയിൽ മാത്രം അമ്പതോളം സ്‌കൂളുകൾ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
2024 മേയ് മുതൽ ഇതുവരെ ഡൽഹിയിലെ ഇരുനൂറിലധികം സ്‌കൂളുകളുകൾക്കാണ് ഔദ്യോഗിക മെയിൽ ഐഡികളിലേക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഇത്തരം കേസുകൾ ഭൂരിഭാഗവും തട്ടിപ്പാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, ഓരോന്നും പൂർണ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്‍റെ ഉത്തരവാദികളെ കണ്ടെത്താനുള്ള എല്ലാ വഴികളും സ്വീകരിക്കുന്നുണ്ടെന്നും, ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ്.