സ്ത്രീയാണെന്നതോ ഗോത്ര വർഗത്തിൽ ജനിച്ചു എന്നതോ ഒരു പോരായ്‌മയല്ല: ദ്രൗപതി മുർമു

''ഏതു മേഖലയിലും വിജയിക്കണമെങ്കിൽ സ്വന്തം കഴിവുകളെക്കുറിച്ച് സ്വയം തിരിച്ചറിയണം, മറ്റൊരാളുടെ സ്കെയിലിൽ വിലയിരുത്തപ്പെടരുത്''
സ്ത്രീയാണെന്നതോ ഗോത്ര വർഗത്തിൽ ജനിച്ചു എന്നതോ ഒരു പോരായ്‌മയല്ല: ദ്രൗപതി മുർമു
Updated on

ഖുന്തി: സ്ത്രീയാണെന്നതോ ഗോത്ര വർഗത്തിൽ ജനിച്ചു എന്നതോ ഒരു പോരായ്‌മയല്ലെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ജാർ‌ഖണ്ഡിലെ ഖുന്തിയിൽ സംഘടിപ്പിച്ച വനിത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സംഭാവനകൾക്ക് പ്രചോദനാത്മകമായ എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. സാമൂഹിക പരിഷ്ക്കരണം, രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, വിദ്യാഭാസം, ശാസ്ത്രം, ഗവേഷണം, വാണിജ്യം, കായികം, സേന തുടങ്ങിയ നിരവധി മേഖലകളിൽ സ്ത്രീകൾ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മുർമു പറഞ്ഞു.

ഏതു മേഖലയിലും വിജയിക്കണമെങ്കിൽ സ്വന്തം കഴിവുകളെക്കുറിച്ച് സ്വയം തിരിച്ചറിവുണ്ടാവണമെന്നും മറ്റൊരാളുടെ സ്കെയിലിൽ വിലയിരുത്തപ്പെടരുതെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിച്ച മുർമു സ്ത്രീശാക്തീകരണത്തിന്‍റെ സാമൂഹിക സാമ്പത്തിക വശങ്ങൾ തുല്യമാണെന്നും കൂട്ടിച്ചേർത്തു.

ഗോത്ര സമൂഹം പല മേഖലകളിലും മാതൃകാ പരമായ സമീപനമാണ് കാഴ്ച്ചവയ്ക്കുന്നത്. അതിന് ഉദാഹരണമാണ് ഗോത്ര സമൂഹത്തിൽ സ്ത്രീധന സമ്പ്രദായം ഇല്ലാത്തതെന്നും മുർമു കൂട്ടിച്ചേർത്തു. ഇത്ര പുരോഗമനങ്ങളുണ്ടായിട്ടും ഇന്നും വിദ്യാസമ്പന്നരായ പലർക്കും സ്ത്രീധന സമ്പ്രദായം ഒഴിവാക്കാനായിട്ടില്ലെന്നും രാഷ്ട്രപതി കുറ്റപ്പെടുത്തി.

ജാർഖണ്ഡിലെ കഠിനാധ്വാനികളായ സഹോദരിമാരും പെൺകുട്ടികളും ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് മുതൽകൂട്ടാണ്. നമ്മുടെ കഴിവുകൾ മനസിലാക്കി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും മുർമു ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com