

ഡി.കെ. ശിവകുമാർ |സിദ്ധരാമയ്യ
ബംഗളൂരു: കർണാടക കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ അധികാരത്തർക്കം വീണ്ടും മൂർച്ഛിക്കുന്നു. ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് "പ്രഭാതഭക്ഷണ കൂടിക്കാഴ്ച'യിലൂടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി വെടിനിർത്തൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ തന്‍റെ നേതൃത്വത്തിലെ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. അധികാരം പങ്കിടൽ കരാർ നിലവിലില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയതോടെ ശിവകുമാറുമായുള്ള ഏറ്റുമുട്ടലിന് വീണ്ടും കളമൊരുങ്ങി.
നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ്, മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിൽ ധാരണയില്ലെന്ന് സിദ്ധരാമയ്യ അടിവരയിട്ടത്. എന്നാൽ ഹൈക്കമാൻഡ് പറഞ്ഞാൽ മാറുമെന്നതിന്‍റെ സൂചനയും സിദ്ധരാമയ്യ നൽകി.
ആദ്യം ജനം നമ്മളെ കടാക്ഷിക്കണം. അതിനുശേഷം നിയമസഭാകക്ഷി യോഗത്തിൽ നേതാവായി തെരഞ്ഞെടുക്കപ്പെടണം. തുടർന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഹൈക്കമാൻഡ് മറിച്ചു തീരുമാനിക്കുംവരെ ഞാൻ മുഖ്യമന്ത്രി പദത്തിൽ തുടരും- പ്രതിപക്ഷത്തിന്‍റെ തുടർച്ചയായ ചോദ്യങ്ങൾക്ക് മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു.
എന്നാൽ സിദ്ധരാമയ്യയുടെ മറുപടിക്ക് മറുചോദ്യവുമായി ബിജെപി അംഗവും പ്രതിപക്ഷ നേതാവുമായ ആർ. അശോക രംഗത്തെത്തി. നിയമസഭാകക്ഷി യോഗം അഞ്ചുവർഷത്തേക്കാണ് തെരഞ്ഞെടുത്തതെന്ന് നിങ്ങൾ പറയുന്നു. രണ്ടര വർഷം എന്നതിനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് സിദ്ധരാമയ്യയോട് അശോക ചോദിച്ചു. രണ്ടര വർഷം എന്നതു സംബന്ധിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അത്തരത്തിലൊരു അധികാരം പങ്കിടൽ കരാർ കോൺഗ്രസിൽ നിലവിലില്ല എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ആദ്യം മുതലേ രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയാക്കിയതോടെ അധികാരത്തർക്കം ഉടലെടുത്തു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. ഒടുവിൽ ഹൈക്കമാൻഡ് ഇടപെട്ട് ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്ങിലൂടെ സിദ്ധരാമയ്യയെയും ശിവകുമാറിനെയും സമവായത്തിൽ എത്തിക്കുകയായിരുന്നു. തങ്ങൾ ഒറ്റക്കെട്ടാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രണ്ടു നേതാക്കൾ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, സിദ്ധാരാമയ്യയെയും ശിവകുമാറിനെയും അനുകൂലിക്കുന്ന എംഎൽഎമാർ അണിയറയിൽ ചരടുവലി അവസാനിപ്പിച്ചിരുന്നില്ല. സിദ്ധരാമയ്യയെ അനുകൂലിക്കുന്നവരടക്കം സമാന മനസുള്ള 30 എംഎൽഎമാർ ബുധനാഴ്ച രാത്രി ഒരു ഹോട്ടലിൽ അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നു. മന്ത്രി സതീഷ് ജർക്കിഹോളിയാണ് വിരുന്നിന് ആതിഥ്യംവഹിച്ചത്. അസുഖം കാരണം സിദ്ധരാമയ്യ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. സിദ്ധരാമയ്യ വിഭാഗത്തിന്‍റെ പിന്തുണ വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് വിരുന്ന് സംഘടിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞയാഴ്ച ഡി.കെ. ശിവകുമാറും സമാനമായ അത്താഴവിരുന്ന് നടത്തിയിരുന്നു. എന്നാൽ താൻ ഒരു വിരുന്നും സംഘടിപ്പിച്ചില്ലെന്നാണ് ശിവകുമാർ പ്രതികരിച്ചത്.