

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി, ഉദ്ഘാടനം ചെയ്ത് മോദി
ന്യൂഡൽഹി: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടി ഔദ്യോഗികമായി ആരംഭിച്ചു. വിവിധ അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാൻ ആഗോള ദക്ഷിണമേഖല തയ്യാറാവണമെന്ന് ഉച്ചകോടിക്ക് തുടക്കംകുറിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ, പശ്ചിമേഷ്യ സംഘർഷങ്ങളുടെ ആഗോള പ്രത്യാഘാതങ്ങളിൽനിന്ന് വികസ്വര സമ്പദ്‌വ്യവസ്ഥകളെ സംരക്ഷിക്കുന്നതടക്കമുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കും.
ബ്രിക്സ് ആഗോളതലത്തിൽ സവിശേഷമായ വ്യക്തിത്വം സ്ഥാപിച്ചിട്ടുണ്ടെന്നും ഈ കൂട്ടായ്മ ആരെയും എതിർക്കുന്നതല്ലെന്നും ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിലെ ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. അമെരിക്കയെയും മറ്റ് പാശ്ചാത്യ ശക്തികളെയും ലക്ഷ്യമിട്ടുള്ള സന്ദേശമായാണ് ഈ പരാമർശം വിലയിരുത്തപ്പെടുന്നത്.
“ഇന്ന് ആഗോള ദക്ഷിണമേഖല ആഗോള പ്രതിസന്ധികളുടെ മുൻനിരയിലാണെങ്കിലും തീരുമാനമെടുക്കൽ പ്രക്രിയയിൽ പിന്നിലാണ്. ഈ ‘അധികാരത്തിന്‍റെ പിരമിഡ്’ ‘പങ്കാളിത്തത്തിന്‍റെ വേദി’യായി മാറ്റണം. ഓരോ രാജ്യത്തിനും അഭിപ്രായം പറയാനുള്ള അവസരവും ഓരോ അംഗത്തിനും പങ്കാളിത്തവും ഉണ്ടാവണം”- മോദി പറഞ്ഞു. ആഗോള ഭരണസംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി 10 നിർദേശങ്ങൾ സംയുക്തമായി രൂപപ്പെടുത്തണമെന്നും അടുത്ത ഉച്ചകോടിയോടെ അവയെ ബ്രിക്സ് പരിഷ്കരണത്തിനുള്ള റോഡ്‌മാപ്പാക്കി മാറ്റണമെന്നും മോദി നിർദേശിച്ചു.
ആഗോള ഭരണസംവിധാനത്തിന്‍റെ നിലവിലെ ഘടന ഒരു പിരമിഡിന് സമാനമാണെന്ന് മോദി ചൂണ്ടിക്കാട്ടി. അധികാരവും തീരുമാനമെടുക്കാനുള്ള ശേഷിയും മുകളിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, താഴെത്തട്ടിലുള്ള രാജ്യങ്ങൾ ഈ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്നവരും എന്നാൽ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയാത്തവരുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിൽ അടിയന്തരമായി പരിഷ്കാരം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സുരക്ഷാസമിതി പരിഷ്കരണം ഇനി വൈകിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉച്ചകോടിയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇറാനും യുഎഇയും തമ്മിൽ നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ സമവായത്തിൽ എത്തുന്നത് വൈകിപ്പിച്ചത്. തുടർന്ന് നയതന്ത്ര പ്രതിനിധികൾ തമ്മിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് സമവായത്തിൽ എത്താൻ ധാരണയായത്. ഇറാനും യുഎഇയും നിലപാടുകൾ കടുപ്പിച്ചതിനാൽ ചർച്ചകൾ അവസാന നിമിഷംവരെ നീണ്ടുനിന്നിരുന്നു.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.