വനിതാ ഗുസ്തി താരങ്ങളുടെ പരാതി രാഷ്ട്രീയ പ്രേരിതം; ബ്രിജ് ഭൂഷണെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് കോടതി

"ഹരിയാനയിലെ റോഹ്തക്കിലുള്ള മഹാദേവ് അക്കാദമിയിലെ പരിശീലകരുടെയും ഒരു വനിതാ താരത്തിന്‍റെയും പുരുഷ താരത്തിന്‍റെയും പ്രേരണയാലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്"
brij bhushan acquitted court cites political conspiracy

ബ്രിജ് ഭൂഷൺ

Updated on

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിന്‍റെ പകർപ്പ് പുറത്ത്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമാണ് കോടതി നിരീക്ഷണം. 6 വനിതാ ഗുസ്തിതാരങ്ങൾ നൽകിയ പരാതി വിശ്വസനീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

ആരോപണങ്ങൾ മുൻകൂട്ടി തയാറാക്കിയതാണ്. ഹരിയാനയിലെ റോഹ്തക്കിലുള്ള മഹാദേവ് അക്കാദമിയിലെ പരിശീലകരുടെയും ഒരു വനിതാ താരത്തിന്‍റെയും പുരുഷ താരത്തിന്‍റെയും പ്രേരണയാലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്.

പരാതി ഉന്നയിക്കാൻ ഉണ്ടായ കാലതാമസം സംശയാസ്പദമാണ്. ഒരു പുരുഷ ഗുസ്തി താരത്തിന്‍റെ സാന്നിധ്യത്തിലാണ് പല സാക്ഷികളും മൊഴി നൽകിയത്. ഇത് അവർക്ക് കൃത്യമായ നിർദേശങ്ങൾ ലഭിച്ചിരുന്നു എന്നതിന് തെളിവാണെന്നും കോടതി വിധിയിൽ പറയുന്നു.

അഞ്ച് പരാതിക്കാരിൽ രണ്ടുപേർ തങ്ങളുടെ മൊഴികൾ തിരുത്തി കൂറുമാറിയത് പ്രോസിക്യൂഷൻ കേസിനെ കാര്യമായി ബാധിച്ചു. മറ്റുള്ളവരുടെ സമ്മർദം കാരണമാണ് തങ്ങൾ ബ്രിജ് ഭൂഷണെതിരേ മൊഴി നൽകിയതെന്നാണ് ഇവർ പറഞ്ഞിരുന്നത്. ഇത് വിധിയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിൽ ആസമയത്ത് വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതും പ്രോസിക്യൂഷൻ വാദത്തിൽ നിരവധി വൈരുധ്യങ്ങൾ ഉള്ളതും കേസിന്‍റെ വിശ്വാസ്യതയെ ബാധിച്ചതായും കോടതി വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com