
ശ്രീനഗറിൽ നിന്നും ബിഎസ്എഫ് ജവാനെ കാണാതായി; തെരച്ചിൽ പുരോഗമിക്കുന്നു
ശ്രീനഗർ: ശ്രീനഗറിലെ ബറ്റാലിയൻ ആസ്ഥാനത്തു നിന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ജവാനെ കാണാതായി. ബിഎസ്എഫിന്‍റെ 60ാം ബറ്റാലിയനിലെ സുഗം ചൗധരി എന്ന 24 വയസുകാരനെയാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ കാണാതായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ദേഹം വൈകിട്ട് റിപ്പോർട്ട് ചെയ്യാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സുഗം ചൗധരിയെ കാണാതായതായി അറിയുന്നത്.
പിന്നാലെ തന്നെ അദ്ദേഹത്തെ കണ്ടെത്താനായി അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്യാംപിന്‍റെ സമീപപ്രദേശങ്ങളിൽ പന്തചൗക്ക് ബസ് സ്റ്റാൻഡ്, ലോക്കൽ ടാക്സി സ്റ്റാൻഡ്, ശ്രീനഗർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സുഗം ചൗധരിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
ജവാനെ കാണുന്നില്ലെന്നത് സംബന്ധിച്ച് പന്തചൗക്ക് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സിഖേര ഗ്രാമത്തിൽ നിന്നുള്ളയാളാണ് ചൗധരി.