
ഓൺലൈൻ പണമിടപാടുകൾ ഇനി എളുപ്പം; ബിഎസ്എൻഎൽ പേ വരുന്നു
ന‍്യൂഡൽഹി: യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് മുഖേനയാണ് യുപിഐ സേവനം ആരംഭിക്കുന്നത്. ഇതോടെ ഫോൺപേ, ഗൂഗിൾ പേ എന്നിവ പോലെ ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഓൺലൈനിലൂടെ പണമിടപാടുകൾ നടത്താൻ സാധിക്കും.
വരുന്ന ദീപാവലിയോടനുബന്ധിച്ച് സേവനം ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ റിലയൻസ് ജിയോയും എയർടെല്ലും യുപിഎ സേവനങ്ങൾ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നിലവിൽ ബിഎസ്എൻഎല്ലും അതേ നിരയിൽ അണിനിരക്കുന്നത്.
യുപിഐ സേവനം വൈകാതെ വരുമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ബാനർ നിലവിൽ സെൽഫ് കെയർ ആപ്പിൽ കാണാൻ സാധിക്കും. ഭീം യുപിഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംവിധാനമാണിതെന്നാണ് ബാനറിൽ നിന്നും അറിയാൻ കഴിയുന്നത്.