
127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി.
ന്യൂഡൽഹി: കൊളോണിയൽ ഭരണകാലത്തു ബ്രിട്ടിഷ് ഉദ്യോഗസ്ഥൻ കടത്തിക്കൊണ്ടുപോയ ശ്രീബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയ്ക്കു തിരികെ കിട്ടി. പിപർഹവ ശേഷിപ്പുകൾ എന്നറിയപ്പെടുന്ന ചരിത്ര വസ്തുക്കളാണ് 127 വർഷത്തിനുശേഷം തിരിച്ചെത്തിച്ചത്. രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാൻ ബുദ്ധനുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ഉയർത്തിക്കാട്ടുന്നതാണ് ഇവയുടെ തിരിച്ചുവരവെന്നും പ്രധാനമന്ത്രി.
1898ൽ ഉത്തർപ്രദേശിലെ പിപർഹവ സ്തൂപത്തിൽ നിന്നു (ഇന്നത്തെ സിദ്ധാർഥനഗർ ജില്ല) കണ്ടെടുത്തതാണ് തിരുശേഷിപ്പുകൾ. ശ്രീബുദ്ധന്‍റെ രാജ്യമായ കപിലവസ്തുവിന്‍റെ ഭാഗമായിരുന്നു ഇവിടമെന്നു കരുതുന്നു. അസ്ഥിയുടെ ഭാഗങ്ങൾ, സ്ഫടികപ്പെട്ടികൾ, സ്വർണാഭരണങ്ങൾ തുടങ്ങിയവയായിരുന്നു സ്തൂപത്തിൽ ബുദ്ധ ആചാരപ്രകാരം സീക്ഷിച്ചിരുന്നത്. ഒരു പെട്ടിയിൽ ബുദ്ധൻ പിറന്ന ശാക്യ രാജവംശത്തിന്‍റേതെന്നു സൂചിപ്പിക്കുന്ന ബ്രഹ്മി ലിഖിതങ്ങളുമുണ്ടായിരുന്നു.
അവശിഷ്ടങ്ങളിൽ ഭൂരിപക്ഷവും 1899ൽ കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിലേക്ക് മാറ്റി. എന്നാൽ, ഉദ്ഖനനത്തിന് മേൽനോട്ടം വഹിച്ച ബ്രിട്ടിഷ് കൊളോണിയൽ ഉദ്യോഗസ്ഥൻ വില്യം ക്ലാക്സൺ പെപ്പെ ഇതിലൊരു ഭാഗം സ്വന്തമാക്കി ബ്രിട്ടനിലേക്കു കൊണ്ടുപോയി. ഈ വർഷം ആദ്യം പെപ്പെയുടെ പിൻഗാമികൾ ഇത് ലേലത്തിനു വച്ചു. എന്നാൽ, ഇന്ത്യൻ നിയമപ്രകാരം സവിശേഷ പുരാവസ്തു വിഭാഗത്തിൽപ്പെടുന്ന ഇവ ലേലം ചെയ്യാനോ വിൽക്കാനോ കയറ്റുമതി ചെയ്യാനോ പാടില്ല. ഇക്കാര്യം സാംസ്കാരിക മന്ത്രാലയം ബ്രിട്ടിഷ് അധികൃതരെയും ലേല സംഘാടകരെയും അറിയിച്ചതിനെത്തുടർന്നാണു വിട്ടുകിട്ടിയത്.