
ന്യൂഡൽഹി: യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഇരുസഭകളെയും അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു. മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്പരിച്ച രാഷ്ട്രപതി കുംഭമേളയിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ചു.
രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മുൻ സർക്കാരുകളേക്കാൾ മൂന്നിരിട്ടി വേഗത്തിലാണ് മൂന്നാം മോദി സർക്കാർ പ്രവർത്തിക്കുന്നത്. മൂന്ന് കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ലിലേക്കും വഖഫ് ഭേദഗതി ബില്ലിലേക്കും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഇന്‍റൺഷിപ്പ് പദ്ധതി നിരവധി യുവാക്കൾക്ക് ഉപകാരപ്രദമായിയെന്നും ദ്രൗപദി മുർമു പറഞ്ഞു. പിഎം കിസാൻ പദ്ധതിയെയും ആയുഷ്മാൻ ഭാരത് പദ്ധതികളെയും രാഷ്ട്രപതി ഉയർത്തിക്കാട്ടി. വന്ദേ ഭാരത് അടക്കം പുതിയ മോഡൽ ട്രെയിനുകൾ രാജ്യത്തിന്‍റെ റെയിൽവേ വികസനത്തിൽ നിർണ്ണായകമായിയെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
ദാരിദ്ര്യ നിർമ്മാർജനത്തിനാണ് സർക്കാരിന്‍റെ പ്രഥമ പരിഗണന. ഇന്ത്യ ഉടൻ ലോകത്തെ മൂന്നാം സമ്പദ് ശക്തിയാകും. മധ്യവർഗത്തിന് വലിയ പ്രാധാന്യം നൽകുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായാണ് യൂണിഫൈഡ് പെൻഷ പദ്ധതി കൊണ്ടുവന്നത്. നികുതി ഭാരം കുറയ്ക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും രാഷ്ട്ര പതി പറഞ്ഞു.
സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്തെ ശാക്തീകരിക്കുന്നതിൽ സർക്കാർ വിശ്വസമർപ്പിച്ചിരിക്കുന്നു. അവർ സേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്നതും പോലീസിൽ ചേരുന്നതും മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ പെൺമക്കൾ ഒളിമ്പിക് മെഡലുകൾ നേടി രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുണ്ടായി. മെഡിക്കൽ ഉപകരണ നിർമ്മാണ രംഗത്ത് തൊഴിലവസരങ്ങളും കൂടി. ഇന്ത്യയിലെ കാർഷിക രംഗത്ത് റെക്കോർഡ് ഉത്പാദനമാണ് ഉണ്ടായത്. ക്ഷീരമേഖലയടക്കം ലോകത്തിന് മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.