

അപകടത്തിൽപ്പെട്ട ബസ്
മണ്ഡ്യ: കർണാടകയിൽ ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ആഡംബര ബസ് റോഡരികിലെ സൈൻബോർഡിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. 20ലധികം പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം.
യാത്രക്കാരിയായ ബെംഗളൂരു സ്വദേശിനി കസ്തൂരി ഷാൻബാഗ് (64), ബസ് ക്ലീനറായ മംഗളൂരു സ്വദേശി അശോക് എന്നിവരാണ് മരിച്ചത്. മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാവൽസിന്‍റെ ബസാണ് നാഗമംഗള താലൂക്കിലെ ദേശീയപാതയിലെ ടോൾ ഗേറ്റിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരുക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി ബേലൂരിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ ബേലൂർ പൊലീസ് കേസെടുത്തു.