

ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ ബസ് ട്രക്കിലിടിച്ച് അപകടം; 7 പേർ മരിച്ചു, 22 പേർക്ക് പരുക്ക്
ന്യൂഡൽഹി: ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 മരണം. 22 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് ട്രക്കിൽ ഇടിച്ചത്. പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു.
ബസിന്‍റെ മുകളിലെ ബർത്തുകളിലെ യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. പൊള്ളലേറ്റാണ് അഞ്ച് യാത്രക്കാർ മരിച്ചതെന്നും മറ്റ് 2 പേർ തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് മരിച്ചതെന്നുമാണ് വിവരം.
പരുക്കേറ്റവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ബസ് അമിത വേഗത്തിലായിരുന്നെന്നും ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.