കൊളത്തൂരിൽ ഉപതെരഞ്ഞെടുപ്പ്; സ്റ്റാലിൻ വീണ്ടും മത്സരിക്കുമോ? പരാജയപ്പെട്ടാൽ കൂടുതൽ രാഷ്ട്രീയ തിരിച്ചടി

സ്റ്റാലിൻ വീണ്ടും കൊളത്തൂരിൽ മത്സരിക്കണമെന്ന ആവശ്യം ഡിഎംകെയ്ക്കുള്ളിൽ ഉയരുന്നുണ്ട്
M.K. Stalin

എം.കെ. സ്റ്റാലിൻ

Updated on: 

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎൽഎ വി.എസ്. ബാബുവിന്‍റെ മരണത്തോടെ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. ഇതോടെ സ്റ്റാലിൻ വീണ്ടും കൊളത്തൂരിൽ മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഉയരുന്ന പ്രധാന ചർച്ച.

2011 മുതൽ സ്റ്റാലിൻ പ്രതിനിധീകരിച്ചിരുന്ന കൊളത്തൂരിൽ 2026ലെ തെരഞ്ഞെടുപ്പിലാണ് വി.എസ്. ബാബു അട്ടിമറി വിജയം നേടിയത്. ഡിഎംകെയുടെ തുടർച്ചയായ വിജയപരമ്പരയ്ക്ക് ഇതോടെ അവസാനമായി. നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിലെത്തിയതോടെ ഡിഎംകെയ്ക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയും നേരിട്ടിരുന്നു.

സ്റ്റാലിൻ വീണ്ടും കൊളത്തൂരിൽ മത്സരിക്കണമെന്ന ആവശ്യം ഡിഎംകെയ്ക്കുള്ളിൽ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്റ്റാലിന്‍റേതായിരിക്കുമെന്ന് ഡിഎംകെ എംപി സി. രവീന്ദ്രൻ പറഞ്ഞു. പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ വീണ്ടും മത്സരരംഗത്ത് കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 82,997 വോട്ടുകളാണ് വി.എസ്. ബാബു നേടിയത്. സ്റ്റാലിന് ലഭിച്ചത് 74,202 വോട്ടുകൾ. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബാബുവിന്‍റെ വിജയം.

ഡിഎംകെയിലൂടെയാണ് ബാബു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് പാർട്ടിയുടെ ചെന്നൈ നോർത്ത് ജില്ലാ സെക്രട്ടറിയായി. 2006ൽ പുരസൈവാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പിന്നീട് എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് ടിവികെയിലെത്തിയത്.

കൊളത്തൂർ തിരിച്ചുപിടിക്കാൻ ഡിഎംകെയ്ക്കുള്ള മികച്ച അവസരമാണ് ഉപതെരഞ്ഞെടുപ്പ്. എന്നാൽ വീണ്ടും മത്സരിച്ച് പരാജയപ്പെട്ടാൽ സ്റ്റാലിന് അത് കൂടുതൽ രാഷ്ട്രീയ തിരിച്ചടിയാകും. അതേസമയം, കൊളത്തൂർ നിലനിർത്തുക എന്നത് വിജയ്‌യ്ക്കും ടിവികെയ്ക്കും നിർണായകമാണ്.