
ഉപതെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്ച അഞ്ചിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഗുജറാത്ത്, കേരള, പഞ്ചാബ്, ബെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 5 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗുജറാത്തിലെ വിസവദർ, കാഡി എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിൽ ലുധിയാന വെസ്റ്റ്, ബംഗാൾ - കാളിഗഞ്ച്, കേരളത്തിൽ നിലമ്പൂർ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കും മത്സരം നടക്കുന്നു.
വിസവദർ നിയമസഭാ മണ്ഡലം
വിസവദർ നിയമസഭാ മണ്ഡലത്തിൽ ആംആദ്മി പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 400 വോട്ടുകൾക്ക് ഗോപാൽ ഇറ്റാലിയാണ് മുന്നിൽ രണ്ടാമത് ബിജെപിയുടെ കിരിത് പട്ടേലും മൂന്നാമത് കോൺഗ്രസ് നിതിൻ രൺപാരിയുമാണ് ഉള്ളത്.
എഎപി നിയമസഭാ അംഗം ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ 2023 മുതൽ ഗുജറാത്ത് വിസവദർ നിയമസഭാ മണ്ഡലം ഒഴിഞ്ഞു കിടക്കുകയാണ്.
കാഡി സീറ്റ്
ഗുജറാത്ത് കാഡി സീറ്റിൽ ബിജെപി സ്ഥാനാർഥി രാജേന്ദ്രകുമാർ ദാനേശ്വർ ചാവ്ഡ ലീഡ് ചെയ്യുന്നു. 4000 ത്തോളം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥി രമേശ് ചാവ്ഡയും മൂന്നാം സ്ഥാനത്ത് ആംആദ്മി സ്ഥാനാർഥി ചാവ്ഡ ജഗദീഷ്ഭായ് ഗണപത്ഭായ് എന്നിവരും തുടരുന്നു.
ബിജെപി എംഎൽഎ കർസൻ സോളങ്കിയുടെ മരണത്തെത്തുടർന്ന് ഫെബ്രുവരി മുതൽ കാഡി സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മെഹ്‌സാന ജില്ലയിൽ വരുന്ന ഈ മണ്ഡലം പട്ടികജാതി സ്ഥാനാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
ലുധിയാന വെസ്റ്റ്
പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റിൽ സഞ്ജീവ് അറോറ മുന്നിട്ട് നിൽക്കുന്നു. 1269 വോട്ടുകൾക്കാണ് ആംആദ്മി സ്ഥാനാർഥി മുന്നിട്ട് നൽക്കുന്നത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥി ഭരത് ഭൂഷൺ ആശുവും മൂന്നാം സ്ഥാനത്ത് ബിജെപി നേതാവ് ജീവൻ ഗുപ്തയുമുണ്ട്.
ജനുവരിയിൽ ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ബാസി ഗോഗി സ്വയം വെടിയേറ്റ് മരിച്ചതിനെ തുടർന്ന് പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റിൽ ഒഴിവു വന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പഞ്ചാബിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ആംആദ്മി.
കാളിഗഞ്ച് മണ്ഡലം
തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. അലിഫ അഹമ്മദ് രണ്ടായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ. കോൺഗ്രസ് സിപിഐ (എം) പിന്തുണയോടെ മത്സരിച്ച കബിൽ ഉദ്ദീൻ ഷെയ്ഖി രണ്ടും ബിജെപി ആഷിസ് ഘോഷ് മൂന്നും സ്ഥാനങ്ങളിലാണ്.
ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ, നാദിയ ജില്ലയിൽ ഉൾപ്പെടുന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ നസിറുദ്ദീൻ അഹമ്മദ് ഫെബ്രുവരിയിൽ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ മകളാണ് അലിഫ അഹമ്മദ്. അലിഫ സീറ്റ് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂലും ബിജെപിയും തമ്മിലുള്ള നിർണായക പോരാട്ടമായാണ്.
നിലമ്പൂർ
നിലമ്പൂരിൽ 2000 ത്തിലധികം വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും മൂന്നാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറും നിലയുറപ്പിച്ചിരിക്കുന്നു.