വ്യോമസേനയ്ക്കു കരുത്തായി സി-295 വിമാനവും | Video

എയർബസുമായി 2021ൽ ഒപ്പുവച്ച കരാർ പ്രകാരമുള്ള ആദ്യ വിമാനം സ്പെയ്‌നിലെ സെവിയ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യക്കു കൈമാറി

ന്യൂഡൽഹി: വ്യോമസേനയുടെ നീക്കങ്ങൾക്കു കരുത്തുറ്റ പിന്തുണ നൽകാൻ ഇനി സി- 295 ട്രാൻസ്പോർട്ട് വിമാനവും. വിമാന നിർമാതാക്കളായ എയർബസുമായി 2021ൽ ഒപ്പുവച്ച കരാർ പ്രകാരമുള്ള ആദ്യ വിമാനം സ്പെയ്‌നിലെ സെവിയ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വ്യോമസേനയ്ക്കു കൈമാറി.

വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ പി.എസ്. നേഗി നിയന്ത്രിക്കുന്ന വിമാനം മാൾട്ട, ഈജിപ്റ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇറങ്ങിയ ശേഷം വഡോദര വ്യോമതാവളത്തിലെത്തും. ഈ മാസം അവസാനം ഹിൻഡൻ വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ വിമാനം വ്യോമസേനയുടെ ഭാഗമാകും.

അനർഘ ദിവസമെന്നാണ് വിമാനം ഏറ്റുവാങ്ങിയശേഷം വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി പ്രതികരിച്ചത്. സേനയുടെ ചരിത്രത്തിൽ പുതുയുഗത്തിന്‍റെ തുടക്കമാണിതെന്നും അദ്ദേഹം.

2021 സെപ്റ്റംബറിലാണ് 56 സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്സുമായി ഇന്ത്യ 21,935 കോടിയുടെ കരാര്‍ ഒപ്പിട്ടത്. ഇതു പ്രകാരം ആദ്യ 16 വിമാനങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളിൽ സ്‌പെയ്‌നില്‍ തന്നെ നിര്‍മിച്ച് ഇന്ത്യയ്ക്ക് കൈമാറും.

ബാക്കി 40 വിമാനങ്ങള്‍ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (ടിഎഎസ്എല്‍) ഇന്ത്യയില്‍ നിര്‍മിക്കും. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലുള്ള നിർമാണ യൂണിറ്റിൽ നിന്ന് 10 വർഷത്തിനുള്ളിലാകും 40 വിമാനങ്ങൾ നിർമിക്കുക. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ വഡോദര ഫാക്റ്ററിയുടെ നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.

അഞ്ചു മുതൽ 10 വരെ ടൺ ഭാരം വഹിക്കുന്ന വിമാനത്തിന് 71 സൈനികരെയോ 45 പാരാ ട്രൂപ്പർമാരെയോ വഹിക്കാനാകും. മണിക്കൂറിൽ 480 കിലോമീറ്റർ വരെ വേഗമുണ്ടാകും. പിന്നെല റാംപ് ഡോറിലൂടെ അതിവേഗം കാർഗോകളിറക്കാനും പാരാട്രൂപ്പർമാരെ ഇറക്കാനുമാകും. പറന്നുയരാനും ഇറങ്ങാനും ചെറിയ റൺവേ മതി. ടെയ്ക്ക് ഓഫിന് 670 മീറ്ററും ലാന്‍ഡിങ്ങിന് 320 മീറ്ററും മാത്രമാണ് ആവശ്യം. സമീപകാലത്ത് നിർമിച്ച ഹൈവേകളിലും വിമാനമിറക്കാനാകും. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിനും വിമാനം ഉപകരിക്കും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com