പൗരത്വ ഭേദഗതി നിയമം ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കും: കേന്ദ്ര മന്ത്രി

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വോട്ട് കിട്ടാൻ വേണ്ടി സിഎഎ, സിഎഎ എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി: മമത ബാനർജി
Shantanu Thakur
Shantanu Thakur
Updated on

ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act - CAA) ഒരാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി ശന്തനു ഠാക്കൂർ. പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകരുടെ ബൂത്ത് തല സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രഖ്യാപനം.

2019ലാണ് കേന്ദ്ര സർക്കാർ സിഎഎ പാസാക്കിയത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലേക്ക് അഭയാർഥികളായി എത്തിയവർക്ക് പൗരത്വം നൽകുന്നതിനുള്ള ഭേദഗതിയാണിത്.

മതപരമായ വിവേചനം കാരണം അവരവരുടെ രാജ്യം വിട്ട ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനർക്കും ബുദ്ധമതക്കാർക്കും, പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും മാത്രമാണ് ഇത്തരത്തിൽ പൗരത്വം അനുവദിക്കുക. മുസ്‌ലിംകളെ ഇതിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. പൗരത്വം നൽകുന്നതിന് മതം മാനദണ്ഡമാകുന്നതാണ് ഈ നിയമത്തിനെതിരേ രൂക്ഷമായ എതിർപ്പുണ്ടാകാൻ കാരണം.

സിഎഎ വീണ്ടും ചർച്ചയിലേക്കു വരാൻ ഇടയാക്കിയ മന്ത്രിയുടെ പ്രഖ്യാപനം പശ്ചിമ ബംഗാളിലായതിനാൽ തൊട്ടു പിന്നാലെ തന്നെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണവും വന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വോട്ട് കിട്ടാൻ വേണ്ടി സിഎഎ, സിഎഎ എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി എന്നാണ് മമതയുടെ ആരോപണം.

അതേസമയം, ബംഗാൾ അടക്കം എല്ലാ സംസ്ഥാനങ്ങളിലും നിയമം ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കുമെന്ന് തനിക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നാണ് ബംഗാളിൽ നിന്നു തന്നെ ശന്തനു ഠാക്കൂറിന്‍റെ പ്രഖ്യാപനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com