ദേശീയ റീട്ടെയിൽ ഉച്ചകോടി ഏപ്രിൽ 18-19 തീയതികളിൽ ഡൽഹിയിൽ

രണ്ട് ദിവസത്തെ റീട്ടെയിൽ ഉച്ചകോടിയിൽ വിവിധ സെഷനുകളിലായി കോർപ്പറേറ്റ് ഇതര മേഖലയുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും
ദേശീയ റീട്ടെയിൽ ഉച്ചകോടി ഏപ്രിൽ 18-19 തീയതികളിൽ ഡൽഹിയിൽ

ന്യൂഡൽഹി: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) 2023 ഏപ്രിൽ 18, 19 തീയതികളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കോർപ്പറേറ്റ് ഇതര മേഖലയിലെ പ്രമുഖ വ്യാപാര-വാണിജ്യ-സേവന സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന ആദ്യത്തെ “ദേശീയ റീട്ടെയിൽ ഉച്ചകോടി” ഡൽഹിയിൽ സംഘടിപ്പിക്കുന്നു. ഇന്ത്യൻ റീട്ടെയിൽ വ്യാപാരത്തിന്‍റെ ഒരു വലിയ കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വ്യാപാര - വാണിജ്യ നേതാക്കൾക്കു പുറമേ ചരക്കു ഗതാഗതം, എസ് എം ഇ കൾ, കർഷകർ, സ്വയം സഹായ സംഘങ്ങൾ, വനിതാ സംരംഭകർ, കച്ചവടക്കാർ, സേവന സംരംഭകർ, ചില്ലറ വ്യാപാരത്തിന്‍റെ മറ്റ് മേഖലകളിലെയും സംഘടനാ നേതാക്കളെയും സിഎഐടി (CAIT) ക്ഷണിച്ചിട്ടുണ്ട്. സി എ ഐ ടി ദേശീയ പ്രസിഡന്‍റ് ബി സി ഭാർട്ടിയ ഉച്ചകോടിയുടെ അധ്യക്ഷനായിരിക്കും.

രണ്ട് ദിവസത്തെ റീട്ടെയിൽ ഉച്ചകോടിയിൽ വിവിധ സെഷനുകളിലായി കോർപ്പറേറ്റ് ഇതര മേഖലയുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. മുതിർന്ന കേന്ദ്ര മന്ത്രിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ വ്യാപാര പ്രമുഖരെ അഭിസംബോധന ചെയ്യും.

ജിഎസ്ടി നികുതി സമ്പ്രദായം ലഘൂകരിക്കൽ, ഇ-കൊമേഴ്‌സ് നയത്തിന്‍റെ അടിയന്തര സാഹചര്യം, ഇ-കൊമേഴ്‌സിന്‍റെ നിയന്ത്രണം, ദേശീയ റീട്ടെയിൽ വ്യാപാര നയം എന്നിവയ്‌ക്ക് പുറമെ ചില്ലറ വിൽപനയിൽ വിവിധതലത്തിലുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സിഎഐടി ദേശീയ സെക്രട്ടറി ശ്രീ എസ്. എസ്. മനോജ് പറഞ്ഞു.

കേരളത്തിൽ നിന്നും സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യരുടെ നേതൃത്ത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട 21 സംഘടനാ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഔപചാരിക വ്യാപാരത്തിലേക്ക് അനൗപചാരിക വ്യാപാരത്തിന്‍റെ കടന്നുകയറ്റം, എസ്.എം.ഇ കൾക്കുള്ള ധനസഹായം, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ധാർമികതയില്ലാത്ത ഇ-കൊമേഴ്‌സ് ബിസിനസ് തടയുന്നതിനുള്ള നടപടികൾ എന്നിവയുടെ ചർച്ചകൾ ഉൾപ്പെടുന്ന ഉച്ചകോടിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള സ്വീകാര്യതയും സ്വീകരിക്കലും, ഫാർമസി മേഖലയിലേക്ക് ഇ-കൊമേഴ്‌സ് കമ്പനികളുടെ നിയമവിരുദ്ധമായ കടന്നുകയറ്റം, രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലെ പഴയ വിപണികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ദേശീയ നയം,ബിസിനസ് നെറ്റ്‌വർക്കിംഗ് വിപുലപ്പെടുത്തൽ, സംരംഭകത്വവും തൊഴിലുമായി ബന്ധമുള്ള നൈപുണ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതി തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതി, വ്യാപാരി സമൂഹത്തിന് വായ്പ, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വൻകിട നിർമ്മാതാക്കളുടെ ആക്രമണത്തിൽ നിന്ന് വിതരണ സാഹോദര്യത്തെ സംരക്ഷിക്കുന്നതിനുമായി നടപടികൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (എൻ.ബി.എഫ്‌.സി) മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും (എം.എഫ്‌.ഐ) ശക്തിപ്പെടുത്തി റീട്ടെയിൽ വ്യാപാര മേഖലയെ ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് ദേശീയ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ് പറഞ്ഞു.

കൂടാതെ “ഒരു രാജ്യം-ഒരു ലൈസൻസ്” രാജ്യത്ത് നടപ്പിലാക്കുന്നതിനുള്ള വഴികളും മാർഗങ്ങളും, വ്യാപാരത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അവലോകനം, വ്യാപാരികൾക്ക് ഫലപ്രദമായ പെൻഷൻ, ഇൻഷുറൻസ് പദ്ധതി എന്നിവയും റീട്ടെയിൽ ഉച്ചകോടി ചർച്ച ചെയ്യുമെന്ന് എസ്.എസ്. മനോജ് പറഞ്ഞു.

പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന 5 ട്രില്യൺ സമ്പദ്‌വ്യവസ്ഥയുടെ വ്യാപാര വ്യാപ്തിയെ വ്യാപാര സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ഉച്ചകോടി ചർച്ച ചെയ്യും. നിർദിഷ്ട മധ്യസ്ഥ ബിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട്, കോംപറ്റീഷൻ ആക്ട്, ഗുണമേന്മയുള്ള സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള വിവിധ ഉൽപ്പന്നങ്ങളിൽ ബിഐഎസ് മാനദണ്ഡങ്ങളുടെ പ്രയോഗം എന്നിവയും ഉച്ചകോടിയിലെ പ്രതിനിധികൾ ചർച്ച ചെയ്യും. എസ്എംഇകൾ, കരകൗശല വിദഗ്ധർ, സമ്പദ്‌വ്യവസ്ഥയിലെ മറ്റ് വൈദഗ്ധ്യമുള്ള വിഭാഗങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് ഒരു പ്രത്യേക സെഷനും നടത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com