ജ്ഞാനേഷ് കുമാറിന്‍റെ രാജിക്കായി മുറവിളി; രാജ്ഘട്ടിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം എംപിമാർ

പ്രതിഷേധത്തിന്‍റെ മൂന്നാംദിനം രാജ്ഘട്ടാണ് സമരവേദിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
Rahul Gandhi and Priyanka Gandhi during the protest (File photo)

പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും (ഫയൽ ചിത്രം)

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിക്കായി തുടർച്ചയായ മൂന്നാം ദിവസവും നേരിട്ടുള്ള സമരവുമായി ഇന്ത്യാ സഖ്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് ബസുകളിൽ എംപിമാർ തിരിച്ചു. പ്രതിഷേധത്തിന്‍റെ മൂന്നാംദിനം രാജ്ഘട്ടാണ് സമരവേദിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എംപിമാർക്ക് ഉച്ചഭക്ഷണ വിരുന്ന് ഒരുക്കിയിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് കോൺഗ്രസ് പ്രതിപക്ഷ എംപിമാർക്കായി വിരുന്നൊരുക്കുന്നത്. കൊണാട്ട് പ്ലേസിലെ മോയറ്റ്സിൽ നടന്ന വിരുന്നിൽ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, കെ.സി. വേണുഗോപാൽ, ജയറാം രമേഷ്, വിവേക് തൻഖ, മണികം ടാഗോർ, ജ്യോതിമണി, രാജീവ് ശുക്ല, ദീപേന്ദർ ഹൂഡ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും വിരുന്നിലുണ്ടായിരുന്നു. നേരത്തെ വിട്ടുനിന്ന സമാജ്‌വാദി പാർട്ടി, ശിവസേന-യുബിടി, എൻസിപി-എസ്പി നേതാക്കളും ഇത്തവണ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസിന്‍റെ അഭിഷേക് ബാനർജി, മേനക ഗുരുസ്വാമി, സാകേത് ഗോകലെ, സിപിഎം എംപി ജോൺ ബ്രിട്ടാസ്, സിപിഐയുടെ പി. സന്തോഷ്, ആർജെഡിയുടെ സുധാകർ സിങ് തുടങ്ങിയവരും പങ്കെടുത്തു. വിരുന്നിന് ശേഷമാണ് എംപിമാർ രാജ് ഘട്ടിലേക്ക് തിരിച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ കാണാൻ അനുമതി നിഷേധിച്ചതായും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ സമയം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഒക്റ്റോബർ രണ്ടിന് ആദ്യമായി കത്ത് നൽകിയെന്നും തുടർന്ന് അഞ്ചിന് ഇന്ത്യാ സഖ്യ നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച പ്രതിപക്ഷ എംപിമാരുടെ മാർച്ച് തടഞ്ഞതിനെ തുടർന്ന് ഡൽഹിയിൽ നാടകീയ രംഗങ്ങളുണ്ടായിരുന്നു. ഷാങ്‌ഗ്രി-ലാ ഹോട്ടലിന് മുന്നിലെ റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥർ മാർച്ച് തടഞ്ഞപ്പോൾ പ്രിയങ്ക ഗാന്ധി ഭരണഘടനയുടെ പകർപ്പ് കൈയിൽ പിടിച്ച് റോഡിൽ കിടന്നും പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതിരോധിച്ചു. ചൊവ്വാഴ്ച പാർലമെന്‍റിൽനിന്ന് മാർച്ച് നടത്തിയ പ്രതിപക്ഷ എംപിമാർ അകാശവാണി ഭവന് മുന്നിൽ എട്ട് മണിക്കൂർ ധർണ നടത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com