ജമ്മു: ജമ്മു കശ്മീരിൽ ഏഴു ജില്ലകളിലായി ആദ്യഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന 24 നിയമസഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം സമാപിച്ചു. ദോഡ, കിഷ്ത്വാർ, റംബാൻ, അനന്ത്നാഗ്, പുൽവാമ, കുൽഗാം, ഷോപിയാൻ ജില്ലകളിലാണ് തിങ്കളാഴ്ച വൈകിട്ട് പ്രചാരണം സമാപിച്ചത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
രണ്ടാം ഘട്ടം വോട്ടെടുപ്പ് 25നും മൂന്നാംഘട്ടം ഒക്റ്റോബർ ഒന്നിനും നടക്കും. ഒക്റ്റോബർ എട്ടിനാണു വോട്ടെണ്ണൽ. 90 സീറ്റുകളാണു സംസ്ഥാന നിയമസഭയിലുള്ളത്. 74 ജനറൽ സീറ്റുകൾ. പട്ടികജാതി വിഭാഗത്തിന് ഏഴും പട്ടിക വർഗത്തിൽ നിന്നുള്ളവർക്ക് ഒമ്പതും സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കം നേതാക്കളാണ് ബിജെപിയുടെ പ്രചാരണം നയിക്കുന്നത്. കോൺഗ്രസിനു വേണ്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും റാലികളിൽ പങ്കെടുത്തു.