മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ

പഞ്ചാബിൽ നിന്നു സ്റ്റുഡന്‍റ് വിസയിൽ ക്യാനഡയിലെത്തിയ ഇവർ വർക്ക് പെർമിറ്റിന്‍റെ അടിസ്ഥാനത്തിൽ അവിടെ തുടരുകയായിരുന്നു
മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ

ഒട്ടാവ: ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി കനേഡിയൻ പൊലീസ്. അറസ്റ്റിലായവർ ഇന്ത്യക്കാരാണെന്നും വെള്ളിയാഴ്ച ആല്‍ബെര്‍ട്ടയിലെ എഡ്മോണ്ടന്‍ സിറ്റിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. ക്യാനഡ വിവരങ്ങൾ കൈമാറുന്നതിന് ഇന്ത്യ കാത്തിരിക്കുകയാണെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു.

കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ സിങ് ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിൽ നിന്നു സ്റ്റുഡന്‍റ് വിസയിൽ ക്യാനഡയിലെത്തിയ ഇവർ വർക്ക് പെർമിറ്റിന്‍റെ അടിസ്ഥാനത്തിൽ അവിടെ തുടരുകയായിരുന്നു. ബ്രിട്ടിഷ് കൊളംബിയയിലെയും ആല്‍ബെര്‍ട്ട ആര്‍സിഎംപിയിലെയും എഡ്മോണ്ടൻ പൊലീസ് സര്‍വീസിലെയും അംഗങ്ങളുടെ സഹായത്തോടെ ആര്‍സിഎംപി ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങള്‍ക്ക് പുറമെ ഇവര്‍ കുറ്റകൃത്യത്തിനുപയോഗിച്ച കാറിന്‍റെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ജൂണിൽ വാന്‍കൂവറിലെ സറെയിൽ ഗുരുദ്വാരയിൽ നിന്നിറങ്ങുമ്പോഴാണു നിജ്ജർ കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ ഏജന്‍സികളാണ് സംഭവത്തിന് പിന്നിലെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ആരോപണം ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ ബാധിച്ചിരുന്നു. ആരോപണത്തിന് തെളിവു നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ക്യാനഡ രേഖകൾ കൈമാറിയിരുന്നില്ല.

അതേസമയം, അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഇന്ത്യാ ഗവൺമെന്‍റിന് പങ്കുണ്ടോ എന്നത് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മൻദീപ് മൂക്കർ പറഞ്ഞു. മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരെ സഹായിച്ചവരുൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തേണ്ടതുണ്ട്. തത്കാലം ഇത്രയേ വെളിപ്പെടുത്താനാകൂ എന്നും അറസ്റ്റിലായത് വാടകക്കൊലയാളികളാണോ എന്നതൊക്കെ കോടതിയിൽ പറയുമെന്നും മൂക്കർ.

പിടിയിലായവർക്കെതിരേ മുൻപ് കേസുകളില്ല. മൂന്നു മുതൽ അഞ്ചു വരെ വർഷമായി ഇവർ ക്യാനഡയിലുണ്ടെന്നും സിഖ് സമുദായം അന്വേഷണത്തിനു സുപ്രധാന സഹായം നൽകിയെന്നും മൂക്കർ പറഞ്ഞു.

പിടിയിലായ കരൺ സിങ് ബ്രാർ പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയാണ്. പഠനത്തിനായി ക്യാനഡയിലേക്കു കുടിയേറിയ കരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നു ഫരീദ് കോട്ട് പൊലീസ്. കരൺ ഏക മകനാണ്. അടുത്തിടെ അച്ഛൻ മരിച്ചപ്പോഴും കരൺ നാട്ടിലെത്തിയിരുന്നില്ല. മകൻ അറസ്റ്റിലായ വിവരമറിഞ്ഞ് കുഴഞ്ഞുവീണ അമ്മയെ ആശുപത്രിയിലാക്കി.

അതേസമയം, പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ പ്രതിയും ഗൂണ്ടാത്തലവനുമായ ലോറൻസ് ബിഷ്ണോയിയുമായി പിടിയിലായവർക്കു ബന്ധമുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊലക്കേസുകളിലും ലഹരിമരുന്നു കേസുകളിലുമടക്കം പ്രതിയായ ബിഷ്ണോയി നിലവിൽ തിഹാർ ജയിലിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com