

ബിസ്‌ലെരിയുടെ കുടിവെള്ളത്തിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ
ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലെരിക്കെതിരേ നിയമനടപടിക്ക് അനുമതി നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിന്‍റെ സാമ്പിളിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയതിനെ തുടർന്ന് വെള്ളം സുരക്ഷിതമല്ലെന്ന് അധികൃതർ പ്രഖ്യാപിച്ചു. തുടർപരിശോധനയിൽ അർബുദത്തിന് കാരണമാകാമെന്ന് കരുതുന്ന പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബൺസ് (PAHs) എന്ന രാസവസ്തുക്കളും കണ്ടെത്തി.
ബിസ്‌ലെരി ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ള സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആദ്യ പരിശോധനയിൽ ബ്രോമേറ്റിന്‍റെ അളവ് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. ഇതോടെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന് കമ്പനിയുടെ അപ്പീലിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടുത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഇത്തവണ സാമ്പിളിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബൺസ് (PAHs) കണ്ടെത്തിയതായും എഫ്എസ്എസ്എഐ അറിയിച്ചു.
രണ്ട് രാസവസ്തുക്കളും അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളവയായാണ് കണക്കാക്കുന്നത്. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബിസ്‌ലെരി ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരേ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, ആശാ കോൺഫെക്ഷനറിയുടെ ചോക്ലേറ്റ് നിറച്ച കുക്കീസിന്‍റെ സാമ്പിളും പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ലേബലിൽ രേഖപ്പെടുത്താത്ത കാർമോസിൻ എന്ന നിറം നൽകുന്ന പദാർഥം കണ്ടെത്തിയതിനൊപ്പം ടാർട്രാസൈൻ അനുവദനീയമായ അളവിലും കൂടുതലായി കണ്ടെത്തി. അനുവദനീയമല്ലാത്ത സൺസെറ്റ് യെല്ലോ എഫ്‌സിഎഫും സാമ്പിളിലുണ്ടായിരുന്നു. ഇതേ തുടർന്ന് ഉൽപ്പന്നത്തിന്‍റെ മുഴുവൻ ബാധിച്ച ബാച്ചും വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിച്ചിട്ടുണ്ട്.