‘ക്യാപ്റ്റൻ കറേജിയസ്’; പൈലറ്റ് സ്മിത് മച്ചറിനെ പ്രശംസിച്ച് ഷാരൂഖ്, സൽമാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ

സ്മിത് മച്ചറിന്‍റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച് താരങ്ങൾ
An Instagram story shared by Vicky Kaushal praising Smith Machar.

സ്മിത് മച്ചറിനെ പ്രശംസിച്ച് വിക്കിൽ കൗശൽ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി

Updated on: 

മുംബൈ: ഇസ്രയേലിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിന്‍റെ സഹപൈലറ്റ് വിമാനം തകർക്കാൻ നടത്തിയ ശ്രമം തടഞ്ഞ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിന്‍റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, കരൺ ജോഹർ, രൺവീർ സിങ് ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ.

പ്രതിസന്ധി ഘട്ടത്തിൽ ഉറച്ചുനിന്ന മച്ചർ വിമാനത്തിലുണ്ടായിരുന്നവരെ സംരക്ഷിക്കാൻ സ്വന്തം സുരക്ഷ പോലും അപകടത്തിലാക്കിയെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. “പ്രതിസന്ധിയെ നേരിട്ട് സ്വന്തം സുരക്ഷ പോലും പണയപ്പെടുത്തി മറ്റുള്ളവരെ സംരക്ഷിക്കുക എളുപ്പമല്ല. എന്നാൽ നിങ്ങളത് ചെയ്തു. ഒരു ക്യാപ്റ്റന്‍റെ കടമ എന്താണെന്ന് നിങ്ങൾ കാണിച്ചുതന്നു. ധൈര്യത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും യഥാർഥ പ്രകടനമാണിത്. വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു”- ഷാരൂഖ് എക്സിൽ കുറിച്ചു.

പൈലറ്റിന്‍റെ നടപടിയെ സൽമാൻ ഖാനും പ്രശംസിച്ചു. “കമാൽ കർ ദിയ പൈലറ്റ് ജി, ഹം സബ് ആപ് കോ സല്യൂട്ട് കർതേ ഹേ” എന്ന് സൽമാൻ കുറിച്ചു. മച്ചറിനൊപ്പം പറക്കാൻ അവസരം ലഭിക്കുന്നത് സന്തോഷകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രൺവീർ സിങ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മച്ചറിന്‍റെ ചിത്രം പങ്കുവച്ച് അദ്ദേഹത്തെ ‘ക്യാപ്റ്റൻ കറേജിയസ്’ എന്ന് വിശേഷിപ്പിച്ചു. മറ്റുള്ളവരുടെ ജീവന് സ്വന്തം ജീവനേക്കാൾ മുൻഗണന നൽകിയത് വലിയ ധൈര്യമാണെന്ന് കരൺ ജോഹർ പറഞ്ഞു. ഷാഹിദ് കപൂറും മച്ചറിന്‍റെ ധൈര്യത്തെ പ്രശംസിച്ചു.

ഭൂമി പെഡ്നേക്കർ മച്ചറിന്‍റെ ചിത്രം പങ്കുവച്ച് “നിങ്ങളുടെ ധൈര്യത്തിന് സല്യൂട്ട്” എന്ന് കുറിച്ചു. വിക്കി കൗശൽ അദ്ദേഹത്തെ ‘ബ്രേവ്ഹാർട്ട്’ എന്ന് വിശേഷിപ്പിച്ചു. ഭയം നിലനിൽക്കുമ്പോഴും അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നുണ്ടെന്ന് തിരിച്ചറിയുന്നതാണ് ധൈര്യമെന്ന് കൃതി സനൺ പറഞ്ഞു.

യഥാർഥ നായകനെന്നായിരുന്നു മച്ചറിനെ അനന്യ പാണ്ഡെ വിശേഷിപ്പിച്ചത്. “പരിക്കേറ്റ നിലയിൽ സ്വന്തം ജീവന് വേണ്ടി പോരാടുന്നതിനിടയിലും നിങ്ങളെ ആശ്രയിക്കുന്ന 174 പേരെക്കുറിച്ച് ചിന്തിക്കുക”- തമന്ന ഭാട്ടിയ കുറിച്ചു. മച്ചറിന്‍റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി അവർ പ്രാർഥിക്കുകയും ചെയ്തു.

സിദ്ധാർഥ് മൽഹോത്ര മച്ചറിന്‍റെ നടപടിയെ ധൈര്യത്തിന്‍റെയും ശാന്തതയുടെയും കടമയുടെയും പ്രകടനമെന്ന് വിശേഷിപ്പിച്ചു. സ്വന്തം ജീവന് വേണ്ടി പോരാടുന്നതിനിടയിലും മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച മച്ചറിന്‍റെ ധൈര്യത്തിന് വാക്കുകളില്ലെന്ന് രശ്മിക മന്ദാന പറഞ്ഞു. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അവർ ആശംസിച്ചു.

മച്ചറിന്‍റെ നടപടി അസാധാരണമായ ധൈര്യത്തിന്‍റെ ഉദാഹരണമാണെന്നായിരുന്നു അനിൽ കപൂറിന്‍റെ വാക്കുകൾ‌. ഭീതിജനകമായ സാഹചര്യത്തിലും മറ്റുള്ളവരെ മുൻനിർത്തി ഉറച്ചുനിൽക്കാൻ വലിയ ധൈര്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിന്‍റെ കോക്പിറ്റിൽ വച്ച് സഹപൈലറ്റിന്‍റെ കുത്തേറ്റാണ് മച്ചറിന് ഗുരുതരമായി പരുക്കേറ്റത്. 27 കുട്ടികളടക്കം 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com