

നിർത്തിയിട്ട ട്രക്കിൽ കാർ ഇടിച്ചുകയറി; ഏഴ് പേർ മരിച്ചു
ഭാവ്‌നഗർ: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ ഹൈവേയിൽ നിർത്തിയിട്ട ട്രെയ്‌ലർ ട്രക്കിൽ കാർ ഇടിച്ചുകയറി ഏഴ് പേർ മരിച്ചു. ഭാവ്നഗർ-സോമനാഥ് ദേശീയ പാതയിൽ ട്രാപജ് ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം.
ഷിപ്പ്‌യാർഡിലെ തൊഴിലാളികളാണ് മരിച്ചത്. ഭാവ്നഗറിൽ നിന്ന് ഷിപ്പ്‌യാർഡ് സ്ഥിതിചെയ്യുന്ന അലംഗിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. ഹൈവേയുടെ സർവീസ് റോഡിലാണ് ട്രക്ക് നിർത്തിയിട്ടിരുന്നത്. അതിവേഗത്തിൽ പിന്നിൽ നിന്ന് എത്തിയ കാർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിന്‍റെ വാതിലുകൾ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഭാവ്നഗർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അലംഗ് പൊലീസ് കേസെടുത്തു.