

ഭക്ഷണത്തിൽ പുഴു, പരാതി പറഞ്ഞ യുവാവിനെ തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമം, രാമേശ്വരം കഫെ ഉടമയ്ക്കെതിരേ കേസ്
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഭക്ഷണശാലയായ രാമേശ്വരം കഫേയുടെ ഉടമയ്ക്കെതിരെ കേസ്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് പരാതി പറഞ്ഞ യുവാവിനെതിരേ കഫേ വ്യാജ തട്ടിപ്പ് പരാതി നൽകിയിരുന്നു. മോശം ഭക്ഷണം വിളമ്പിയതിലും വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചതിനുമാണ് ഉടമകളായ രാഘവേന്ദ്ര റാവു, ദിവ്യ രാഘവേന്ദ്ര റാവു, സീനിയർ എക്സിക്യൂട്ടീവ് സുമന്ദ് ലക്ഷ്മിനാരായൺ എന്നിവർക്കെതിരേ കേസെടുത്തത്.
ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാമേശ്വരം കഫേ ഔട്ട്‌ലെറ്റിലാണ് സംഭവമുണ്ടായത്. നിഖിൽ.എൻ എന്ന യുവാവാണ് പരാതിക്കാരൻ. ജൂലൈ 24ന് നിഖിൽ ബെംഗളൂരുവിൽ നിന്ന് ഗുവാഹട്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. അന്നേദിവസം രാവിലെ 7.42നാണ് ടെർമിനൽ 1ൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയത്. വെൻ പൊങ്കലാണ് ഓർഡർ ചെയ്തത്.
ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിച്ചു. ഭക്ഷണം മാറ്റിത്തരാമെന്ന് പറഞ്ഞെങ്കിലും യാത്ര ചെയ്യാനുള്ളതുകൊണ്ട് നിരസിക്കുകയായിരുന്നു. ഈ സംഭവം നിരവധി കസമേഴ്സ് ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് വലിയ പ്രശ്നങ്ങൾക്ക് നിൽക്കാതെ കടയിൽ നിന്ന് താൻ ഇറങ്ങി എന്നാണ് നിഖിൽ പറയുന്നത്. എന്നാൽ അടുത്ത ദിവസം രാമേശ്വരം കഫെ ഉടമകൾ യുവാവിനെതിരെ പൊലീസിൽ കേസ് കൊടുക്കുകയായിരുന്നു. കഫേയുടെ പേര് മോശമാക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി.
എന്നാൽ താൻ പണം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നിഖിൽ പറയുന്നത്. ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്ന 10.27ന് താൻ വിമാനത്തിലാണെന്നും താൻ കഫേ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടില്ലെന്നുമാണ് നിഖിൽ വ്യക്തമാക്കി. ഇത് തെളിയിക്കുന്നതിനായി ബോർഡിങ് പാസിന്‍റെ കോപ്പിയും പൊലീസിന് കൈമാറി. രാമേശ്വരം കഫേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ കഫേയ്ക്കെതിരെ യുവാവ് പരാതി നൽകുകയായിരുന്നു.