

സെൻസസിൽ ആദ്യമായി ജാതി രേഖപ്പെടുത്തും; ചോദ്യാവലി വിജ്ഞാപനം ചെയ്തു
ന്യൂഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 40 ചോദ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സെന്‍സസില്‍ പൗരന്മാരുടെ ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കുന്നുണ്ട്.
എന്യൂമറേറ്റര്‍മാര്‍ ചോദ്യാവലിയുടെ കൂടെ ജാതി പട്ടിക കൊണ്ടുപോകില്ല. മറിച്ച് പൗരന്മാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ജാതി രേഖപ്പെടുത്തുക.
രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ ആണ് വിജ്ഞാപനം പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്‌സ് ആണ് ജാതി വിവരങ്ങൾ സെൻസസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്.
പേര്, വയസ്, വൈവാഹിക നില, വിവാഹ സമയം, ദേശീയത, മതം, മാതാപിതാക്കളുടെ വിവരങ്ങൾ, ഭിന്നശേഷി, മാതൃഭാഷയും മറ്റ് ഭാഷകളും, സാക്ഷരത, ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, പഠിച്ച മേഖല, ജോലി സംബന്ധിച്ച വിവരങ്ങൾ, തൊഴിലില്ലായ്മ, ജോലി സ്ഥലത്തേക്കുള്ള യാത്രാരീതി തുടങ്ങിയ കാര്യങ്ങൾ ചോദ്യാവലിയിലുണ്ട്.
നിലവിൽ വിവാഹിതരായവരും വിധവകളും വിവാഹബന്ധം വേർപെടുത്തിയവരുമായ സ്ത്രീകളോട് കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച കുട്ടികൾ, കൊവിഡ്-19 വാക്‌സിൻ സ്വീകരിച്ച സെന്‍റർ എന്നിവ സംബന്ധിച്ച ചോദ്യങ്ങളും ചോദിക്കും. ഇത്തവണ പൂർണമായും ഡിജിറ്റലായിട്ടായിരിക്കും സെൻസസ് നടക്കുക.