കാവേരി നദീജല തർക്കം: സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകാനൊരുങ്ങി കർണാടക

തമിഴ്നാടിന് ജലം വിട്ടു കൊടുക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
നദീജല തർക്കത്തിന്‍റെ ഭാഗമായി കാവേരിയിൽ  നദിയിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കുന്നവർ
നദീജല തർക്കത്തിന്‍റെ ഭാഗമായി കാവേരിയിൽ നദിയിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കുന്നവർ
Updated on

ബംഗളൂരു: കാവേദി നദീജല തർക്കത്തിൽ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകാനൊരുങ്ങി കർണാടക സർക്കാർ. കാവേരി വാട്ടർ മാനേജ്മെന്‍റ് അഥോറിറ്റി( സിഡബ്ല്യുഎംഎ)യിലും റിവ്യൂ ഹർജി നൽകും. തമിഴ്നാടിന് ജലം വിട്ടു കൊടുക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ശനിയാഴ്ച ഹർജി സമർപ്പിച്ചേക്കും. വെള്ളിയാഴ്ച സിഡബ്ല്യു എംഎ 3000 ക്യുബിക് സെന്‍റീമീറ്റർ ജലം തമിഴ്നാടിന് വിട്ടു കൊടുക്കാൻ കർണാടകയോട് നിർദേശിക്കാനായി കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിക്ക്( സിആർഡബ്ല്യുസി) നിർദേശം നൽകിയിരുന്നു.

എന്നാൽ അത്രയും ജലം ഇല്ലാത്തതിനാൽ നൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സുപ്രീം കോടതി മുൻ ജഡ്ജിമാരും മുൻ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നദീജല തർക്കവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനായി ഒരു ഉന്നത ഉപദേശക സമിതിയെ രൂപീകരിക്കുമെന്നും സമിതിയുടെ നിർദേശപ്രകാരം കാവേരി തർക്കത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, നിയമ മന്ത്രി എച്ച്.കെ. പാട്ടീൽ കൃഷിവകുപ്പ് മന്ത്രി എൻ. ചെലുവയരായസ്വാമി എന്നിവരും സിദ്ധരാമയ്യയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

കാവേരി നദീജല തർക്കത്തിൽ കർണാടക സംസ്ഥാനത്തിന് കൂടുതൽ ജലം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി 2018 ഫെബ്രുവരി 16ന് വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ കർണാടകയിലെ ജനവികാരം വിധിക്കെതിരേയാണ്. തമിഴ്നാടിന് ജലം നൽകുന്നതിനെതിരേ വിവിധ മേഖലകളിലുള്ളവർ പ്രതിഷേധം പ്രകടമാക്കിയിട്ടുണ്ട്.

കർണാടകയിലെ കർഷകർ അടക്കം രണ്ടായിരത്തോളം സംഘടനകൾ ഒരുമിച്ച് ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തെ സ്തംഭിപ്പിച്ചിരുന്നു. സിനിമാ മേഖലയടക്കമുള്ളവർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നദീ ജല തർക്കത്തിൽ കർണാടക സർക്കാർ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com