ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസ്; മുൻ ബിജെപി എംഎൽഎയെ ചോദ‍്യം ചെയ്ത് സിബിഐ

ഹരിദ്വാറിലെ ഗസ്റ്റ് ഹൗസിൽ വച്ചാണ് മുൻ എംഎൽഎയായ സുരേഷ് റാത്തോറിനെ ചോദ‍്യം ചെയ്യുന്നതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
CBI questions former BJP MLA in Ankita Bhandari murder case Uttarakhand

ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസ്; മുൻ ബിജെപി എംഎൽഎയെ ചോദ‍്യം ചെയ്ത് സിബിഐ

Updated on: 

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കേസിൽ മുൻ ബിജെപി എംഎൽഎയെ ചോദ‍്യം ചെയ്ത് സിബിഐ. ഹരിദ്വാറിലെ ഗസ്റ്റ് ഹൗസിൽ വച്ചാണ് മുൻ എംഎൽഎയായ സുരേഷ് റാത്തോറിനെ ചോദ‍്യം ചെയ്യുന്നതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അങ്കിത ഭണ്ഡാരിയുടെ കുടുംബം കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐയിലെ മുതിർന്ന ഉദ‍്യോഗസ്ഥരെ കണ്ടിരുന്നു.

ഇതിനു ശേഷമാണ് നടപടിയുണ്ടായിരിക്കുന്നത്. ബിജെപി നേതാവും അങ്കിത ഭണ്ഡാരി കൊലക്കേസിലെ ആരോപണവിധേയനുമായ ദുഷ‍്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരേ അങ്കിതയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഇന്ത‍്യാഗേറ്റിൽ പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് ഇവരെ പുലർ‌ച്ചെയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അങ്കിത ഭണ്ഡാരി കൊലക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ദുഷ‍്യന്ത് കുമാർ പറയുന്നത്. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള വനാന്ത്ര റിസോർട്ടിൽ ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരിയെ 2022 സെപ്റ്റംബർ 18നാണ് കാണാതാകുന്നത്.

പിന്നീട് ദിവസങ്ങൾക്കു ശേഷം കനാലിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ വലിയ പ്രതിഷേധത്തിന് കാരണമായ സംഭവമായിരുന്നു ഇത്. റിസോർട്ട് ഉടമ പുൽകിത് ആര‍്യ അടക്കം മൂന്ന് പേരെ കേസിൽ ജീവപര‍്യന്തത്തിന് ശിക്ഷിച്ചു. പിന്നീട് കേസുമായി ഒരു വിഐപിക്ക് ബന്ധമുണ്ടെന്ന് കുടുംബം ആരോപണം ഉന്നയിക്കുകയായിരുന്നു.

മുൻ ബിജെപി എംഎൽഎ ഊർമിള സനവാർ ഡിസംബറിൽ പുറത്തുവിട്ട ഒരു വിഡിയോയ്ക്ക് പിന്നാലെയാണ് ഈ ആവശ‍്യം ശക്തമായത്. ഗട്ടു എന്ന് വിളിപ്പേരുള്ള വ‍്യക്തിയാണ് വിഐപിയെന്നും ഇത് ദുഷ‍്യന്ത് കുമാറാണെന്നും അവകാശപ്പെടുന്നതായിരുന്നു വിഡിയോ.

പ്രതിഷേധങ്ങൾക്കൊടുവിൽ 2026 ജനുവരി 9ന് ഉത്തരാഖണ്ഡ് മുഖ‍്യമന്ത്രി പുഷ്കർ സിങ് ധാമി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. തുടർന്ന് സിബിഐ ഫെബ്രുവരി നാലിന് കേസിലെ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും എഫ്ഐആറും മറ്റ് രേഖകളും ഏറ്റെടുക്കുകയും തിരിച്ചറിയാത്ത വിഐപിക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാൽ സിബിഐ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ദുഷ‍്യന്ത് കുമാറിനെ ഗവർണറായി നിയമനം നൽകിയത്.

Also Read

logo
Metro Vaartha
www.metrovaartha.com