
ഡൽഹി : മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെ സിബിഐ ഇന്നു ചോദ്യം ചെയ്യും. പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് സിബിഐ ഓഫീസിനു പുറത്തു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൂട്ടം കൂടുന്നതിനും ഒത്തുചേരലിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നു മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക. സിസോദിയയുടെ അറസ്റ്റുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
രാജ് ഘട്ടിലെത്തി പ്രാർഥിച്ച ശേഷമാണ് സിസോദിയ ചോദ്യം ചെയ്യലിനായി തിരിച്ചിരിക്കുന്നത്. സിബിഐ ചോദ്യം ചെയ്യലുമായി പൂർണമായും സഹകരിക്കുമെന്നു സിസോദിയ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങളുടെ പേരിൽ ജയിലിൽ പോകേണ്ടി വന്നാലും അതു കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബജറ്റിന്‍റെ തിരക്കുകൾ ഉന്നയിച്ച് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് സിസോദിയ ആവശ്യപ്പെട്ടു. രാജ്യത്തിനു വേണ്ടിയാണു സിസോദിയ ജയിലിൽ പോകുന്നതെന്ന് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു.