സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

വിവാദമായ കേസിൽ ഹൈക്കോടതി ഉത്തരവിന് പിന്നാലെ തിങ്കളാഴ്ചയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്
Disha Salian, Aaditya Thackeray

ദിഷ സാലിയൻ, ആദിത്യ താക്കറെ

Updated on

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മാനേജരായിരുന്ന ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും ശിവസേന നേതാവും എംഎൽഎയുമായ ആദിത്യ താക്കറെ, സുശാന്തിന്‍റെ മുൻ കാമുകിയും ബോളിവുഡ് നടിയുമായ രേഹ ചക്രബർത്തി, നടൻ ദിനോ മൊറെ എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഉണ്ട്. വിവാദമായ കേസിൽ ഹൈക്കോടതി ഉത്തരവിന് പിന്നാലെ തിങ്കളാഴ്ചയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

രണ്ടാഴ്ച മുൻപാണ് കേസിൽ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. കൊലപാതകം, കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢലോചന, തെളിവ് നശിപ്പിക്കൽ, വ്യാജ വിവരം നൽകൽ എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗൂഢാലോചന നടത്താനും പിന്നീട് അത് മൂടിവയ്ക്കാനും അന്നത്തെ മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറെയും മറ്റുള്ളവരും പ്രധാന പങ്കുവഹിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിന് കൂട്ടുനിന്നതിന് ബന്ധപ്പെട്ട പൊതുപ്രവർത്തകരെയും പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമാക്കണം. കുറ്റക്കാരെ സംരക്ഷിക്കാൻ വ്യാജരേഖകൾ ചമയ്ക്കുകയും പൊലീസ് സംവിധാനം ദുരുപയോഗപ്പെടുത്തുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു. ആദിത്യ താക്കറെ, ദിനോ മൊറെ, സൂരജ് പഞ്ചോളി, രേഹ ചക്രബർത്തി എന്നിവർ തുടങ്ങിയവർ പോസ്റ്റ്മോർട്ടം വൈകിപ്പിച്ചുവെന്നും എഫ്ഐആറിലുണ്ട്.

2020 ജൂൺ എട്ടിനാണ് ദിഷയെ മുംബൈയിലെ മലാഡിലുള്ള പാർപ്പിട സമുച്ചയത്തിന്‍റെ 14ാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ദിഷയുടെ മരണം.

ദിഷയുടെ മരണത്തിൽ മുംബൈ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നെങ്കിലും ആത്മഹത്യയാണെന്നാണ് വ്യക്തമാക്കിയത്. എന്നാൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നും പിന്നിൽ ആദിത്യ താക്കറെ അടക്കമുള്ളവർക്ക് പങ്കുണ്ടെന്നും ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് സാലിയൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com