ഓപ്പൺ ബുക്ക് പരീക്ഷാരീതിയുമായി സിബിഎസ്ഇ; തുടക്കം ഒമ്പതാം ക്ലാസിൽ

ജൂണിൽ നടന്ന സിബിഎസ്ഇ ഗവേണിങ് ബോഡി യോഗത്തിൽ നിർദേശം പ്രാഥമികമായി അംഗീകരിച്ചിരുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു
cbse open book exams class 9

ഓപ്പൺ ബുക്ക് പരീക്ഷാരീതിയുമായി സിബിഎസ്ഇ; തുടക്കം ഒമ്പതാം ക്ലാസിൽ

Updated on

ന്യൂഡൽഹി: പുസ്തകം നോക്കി ഉത്തരമെഴുതുന്ന ഓപ്പൺ ബുക്ക് പരീക്ഷാരീതിക്ക് സിബിഎസ്ഇയുടെ അംഗീകാരം. 2026-27 അധ്യയന വർഷം മുതൽ ഒമ്പതാം ക്ലാസിലാകും പുതിയ പരീക്ഷാരീതി നടപ്പാക്കുക. സ്കൂളുകളിൽ നടത്തിയ പ്രാഥമിക പഠനവും അധ്യാപകരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും പുതിയ സമ്പ്രദായത്തിന് അനുകൂലമായതിനെത്തുടർന്നാണു തീരുമാനം. ദേശീയ വിദ്യാഭ്യാസ നയത്തോടു ചേർന്നു നിൽക്കുന്നതാണു പുതിയ രീതിയെന്ന് അധികൃതർ.

ജൂണിൽ നടന്ന സിബിഎസ്ഇ ഗവേണിങ് ബോഡി യോഗത്തിൽ നിർദേശം പ്രാഥമികമായി അംഗീകരിച്ചിരുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഓരോ ടേമിലും ഭാഷാ പഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ മൂന്ന് എഴുത്തുപരീക്ഷകളാകും പുതിയ രീതിയിൽ നടത്തുക. ഓപ്പൺ ബുക്ക് പരീക്ഷയിൽ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ, ക്ലാസ് നോട്ടുകൾ, ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയവ ഉപയോഗിക്കാം. പാഠഭാഗങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഓർമയിൽ നിന്ന് ഉത്തരമെഴുതുന്നതാണ് നിലവിലുള്ള പരീക്ഷാ സമ്പ്രദായം.

എന്നാൽ, ഓപ്പൺ ബുക്ക് പരീക്ഷയിൽ ആശയങ്ങൾ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമാണു പ്രാധാന്യം. വിദ്യാർഥികളുടെ നൈപുണ്യശേഷി, പ്രശ്‌ന പരിഹാരശേഷി, വിമർശനാത്മകവും സമ്പുഷ്ടവുമായ ചിന്താരീതി എന്നിവയെല്ലാം പരീക്ഷിക്കപ്പെടും. അതിനാൽത്തന്നെ നേരിട്ട് ഉത്തരം ലഭിക്കുന്ന ചോദ്യങ്ങളാവില്ല കുട്ടികൾക്ക് നൽകുക. പകരം പാഠഭാഗങ്ങളുടെ സഹായത്തോടെ ഉത്തരങ്ങൾ സ്വയം കണ്ടെത്തേണ്ടിവരും. ഫലത്തിൽ കാണാപ്പാഠം പഠിക്കുന്നതിനെക്കാൾ പാഠപുസ്തകത്തിലെ മുഴുവൻ ഭാഗങ്ങളെക്കുറിച്ചും സമഗ്രമായ അറിവു വേണ്ടിവരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com