

കശ്മീരിൽ സിആർപിഎഫ് ചെക്പോസ്റ്റിന് നേർക്ക് ഭീകരാക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ചെക്പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെറും 15 സെക്കൻഡിനുള്ളിൽ 30 റൗണ്ടോളം വെടിയുതിർക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാനിലെ സിആർപിഎഫ് ചെക്പോസ്റ്റിന് നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർത്തത്. ആദ്യ 15 സെക്കൻഡിനുള്ളിൽ 30 റൗണ്ടോളം വെടിയുതിർക്കുന്ന ശബ്ദവും സിസിടിവി ദൃശ്യങ്ങളിൽ കേൾക്കാം. ആക്രമണം നടക്കുമ്പോൾ കടകളുടെ മുന്നിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ ഇരിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുള്ളത്. പിന്നീട് മറ്റൊരു ഉദ്യോഗസ്ഥൻ ഓടിയെത്തുന്നതും കാണാം.
രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവരാണ് പരുക്കേറ്റ ജവാൻമാർ. ഇവരെ അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. രാകേഷ് ദാസിന്‍റെ ഇടതുകാലിനും സന്തോഷ് ചന്ദ്രുവിന്‍റെ വയറിനും നട്ടെല്ലിനും സോംവീർ സിങ്ങിന്‍റെ ഇടതുകൈക്കുമാണ് പരുക്കേറ്റത്.
ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളോട് വീടുകളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.