
പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി
ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ ഇല്ലാത്തതും, ഉള്ളതിൽ പലതും പ്രവർത്തിക്കാത്തതും ചൂണ്ടിക്കാട്ടി സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ദൈനിക് ഭാസകർ പത്രത്തിന്‍റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ വർഷം 11 പേരാണ് പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നൈറ്റ് വിഷൻ ക്യാമറകളുളള സിസിടിവികൾ സ്ഥാപിക്കാൻ 2020ൽ സുപ്രീം കോടതി സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഉത്തരവിട്ടിരുന്നു.
സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഐഎ അടക്കമുളള ഏജൻസികളുടെ ഓഫിസുകളിലും സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം ഉണ്ടായിരുന്നു.
പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് ഉൾപ്പടെയുള്ള എല്ലാ ഭാഗത്തും സിസിടിവി ഉണ്ടായിരിക്കണമെന്നും ദൃശ്യങ്ങൾ 18 മാസം വരെ സൂക്ഷിക്കാനുളള സൗകര്യമുണ്ടായിരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
എന്നാൽ കോടതിയുടെ ഈ ഉത്തരവ് പല സ്റ്റേഷനുകളിലും നടപ്പിലായിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.