
ലഡാക്ക് സംഘർഷം; വിവിധ സംഘടനകളുമായി ചർച്ച നടത്തി കേന്ദ്രം
ന‍്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിൽ വച്ച് ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായാണ് ചർച്ച നടന്നത്. ഇരു സംഘടനകൾക്കും വേണ്ടി മൂന്നു പേർ വീതം ചർച്ചയിൽ പങ്കെടുത്തു. കൂടാതെ ലഡാക്ക് എംപിയും അഭിഭാഷകരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ലഡാക്കിലെ നിവാസികൾക്ക് സർക്കാർ ജോലി നൽകണമെന്നും സംഘടനകൾ ചർച്ചയിൽ ആവശ‍്യപ്പെട്ടു. അതേസമയം, ലഡാക്ക് സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്ക് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് നിലവിൽ ജയിലിൽ തുടരുകയാണ്.