പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം
Central government makes new health self-declaration form mandatory for international travelers

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

Updated on

ന്യൂഡല്‍ഹി: യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.

യാത്ര തിരിക്കുന്നതിന് മുന്‍പ് എല്ലാ യാത്രക്കാരും ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഈ ഫോം പൂരിപ്പിച്ചു നല്‍കണം. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാ പ്രവാസികള്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും പ്രായഭേദമന്യേ ഈ നിയമം ബാധകമാണ്. യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍, പാസ്പോര്‍ട്ട് നമ്പര്‍, നിലവിലെ ആരോഗ്യസ്ഥിതി (പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോ എന്നത്), കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദര്‍ശിച്ച രാജ്യങ്ങളുടെ വിവരങ്ങള്‍ എന്നിവ ഫോമില്‍ കൃത്യമായി രേഖപ്പെടുത്തണം. ഓണ്‍ലൈനായി ഫോം കൃത്യമായി സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന അക്‌നോളജ്‌മെന്റ് കോപ്പി വിമാനത്താവളങ്ങളില്‍ കാണിച്ചാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ.

വിമാനത്താവളങ്ങളിലെ പരിശോധനകള്‍ കൂടുതല്‍ വേഗത്തിലാക്കാനും രോഗലക്ഷണങ്ങളുള്ളവരെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ പ്രവാസികളും ഈ പുതിയ നിയമം പാലിച്ച് കൃത്യസമയത്ത് ഫോം പൂരിപ്പിക്കണമെന്ന് എയര്‍ലൈന്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com