
നിമിഷപ്രിയ
file image
ന‍്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്നുള്ള പ്രചാരണം തള്ളി കേന്ദ്രം. അത്തരത്തിൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര‍്യ വൃത്തങ്ങൾ അറിയിച്ചു. സുവിശേഷകൻ കെ.എ. പോളായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദം ഉയർത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
എക്സിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു അവകാശവാദം. എന്നാൽ ഇക്കാര‍്യത്തിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ‍്യക്തമാക്കി. കെ.എ. പോളിന്‍റെ അവകാശവാദം വ‍്യാജമാണെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും പറഞ്ഞിരുന്നു.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് മധ‍്യസ്ഥ സംഘത്തെ അയയ്ക്കണമെന്നാവശ‍്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. യെമനിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആക്ഷൻ കൗൺസിലിന്‍റെ പ്രതിനിധികളായി കെ.ആർ. സുഭാഷ് ചന്ദ്രൻ, എൻ.കെ. കുഞ്ഞമ്മദ് കൂരാച്ചുണ്ട്, സജീവ് കുമാർ എന്നിവരും എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധികളായി ഹുസൈൻ സഖാഫി, ഹാമിദ് എന്നിവർ ഉൾപ്പെടുന്ന സംഘത്തെ യെമനിലേക്ക് അയയ്ക്കണമെന്ന ആവശ‍്യപ്പെട്ട് നിവേദനം നൽകിയത്.