

ന്യൂഡൽഹി: ചൈനയിൽ ഹ്യൂമൻ മെറ്റാന്യോമോവൈറസ് (എച്ച്എംവിപി) അതിവേഗം പടരുന്ന സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നു കേന്ദ്ര സർക്കാർ. നിലവിൽ ആശങ്ക വേണ്ടെന്നു നാഷണൽ സെന്‍റർ ഫൊർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. സ്ഥിതിഗതികൾ തുടർന്നും നിരീക്ഷിച്ച് ആവശ്യമായ നടപടികളെടുക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുമെന്ന് ഹെൽത്ത് സർവീസസ് ഡയറക്റ്റർ ജനറൽ (ഡിജിഎച്ച്എസ്) ഡോ. അതുൽ ഗോയൽ വ്യക്തമാക്കി.
ജലദോഷത്തിനു കാരണമായവ ഉൾപ്പെടെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന വൈറസുകളുടെ ഗണത്തിൽപ്പെടുന്നതാണ് എച്ച്എംവിപി. കുട്ടികളിലും വയോജനങ്ങളിലും പനി പോലുള്ള ലക്ഷണങ്ങൾ മാത്രമാണ് ഇതുമൂലമുണ്ടാകുന്നത്. രാജ്യത്ത് ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധിയുടെ തോത് ഉയർന്നിട്ടില്ലെന്നും ഗോയൽ.
ചൈനയിൽ തുടങ്ങി ലോകരാജ്യങ്ങളെയാകെ ലോക്ഡൗണിലാക്കിയ കൊവിഡ് 19 സൃഷ്ടിച്ച നടുക്കം മാറും മുൻപേ ചൈനയിൽ വീണ്ടും ശ്വാസകോശ രോഗം പടരുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്‍റെ വിശദീകരണം. ചൈനയുടെ വടക്കൻ പ്രവിശ്യകളിൽ എച്ച്എംവിപി അതിവേഗം വ്യാപിക്കുന്നുവെന്നതായാണ് കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ചൈന ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
14 വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്ക്രീനിങ്, ഐസൊലേഷൻ പ്രോട്ടോക്കോൾ എന്നിവ ഉൾപ്പെടെ സുരക്ഷാ നടപടികൾ ചൈനീസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഭൂരിപക്ഷം പേരിലും നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുന്നതാണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ് എന്നാൽ കുട്ടികൾ, പ്രായമായവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ തുടങ്ങിയവരില്‍ ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിതു കാരണമാകാമെന്നു പറയപ്പെടുന്നു.