

വന്ദേ മാതരം വിലക്കിയത് യുപിഎ; ചർച്ചയ്ക്ക് സർക്കാർ
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ വന്ദേ മാതരത്തെക്കുറിച്ച് ഒരു ദിവസം നീണ്ട ചർച്ചയ്ക്ക് സർക്കാർ തയാറെടുക്കുന്നു. തിങ്കളാഴ്ചയാണു സമ്മേളനം തുടങ്ങുന്നത്. ഞായറാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ ഇക്കാര്യം സർക്കാർ അവതരിപ്പിക്കും.
വന്ദേ മാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ചാകും ചർച്ച. എന്നാൽ, പാർലമെന്‍റിൽ വന്ദേ മാതരം, ജയ് ഹിന്ദ് മുദ്രാവാക്യങ്ങൾ പാടില്ലെന്ന നിബന്ധനയ്ക്കെതിരേ പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലം കൂടി പരിഗണിച്ചാണു സർക്കാർ നീക്കം.
വന്ദേ മാതരത്തിന്‍റെ സാംസ്കാരിക, ദേശീയ പ്രാധാന്യം സംബന്ധിച്ചാകും ചർച്ച. എന്നാൽ, സഭയ്ക്കുള്ളിൽ വന്ദേ മാതരം ആലപിക്കരുതെന്ന സർക്കാർ നിർദേശത്തിനെതിരേ രംഗത്തെത്തിയ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങി പ്രതിപക്ഷ കക്ഷികളെ വെട്ടിലാക്കാനും ട്രഷറി ബെഞ്ചിന് ഉദ്ദേശ്യമുണ്ട്.
2012ൽ യുപിഎ സർക്കാരിന്‍റെ കാലത്താണ് സഭയുടെ മര്യാദകൾക്കു വിരുദ്ധമെന്ന് ആരോപിച്ച് നന്ദി പറയുന്നതും ജയ്ഹിന്ദ്, വന്ദേ മാതരം വിളികളും പാർലമെന്‍റ് വിലക്കിയത്. അന്നു രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ടപതി ഹമീദ് അൻസാരിയുടെ നേതൃത്വത്തിലായിരുന്നു ഈ തീരുമാനമെടുത്തത്. വന്ദേ മാതരം വിലക്കിയെന്ന വിഷയം ഇപ്പോൾ ആദ്യമായി ഉയർത്തിയ തൃണമൂൽ കോൺഗ്രസ് അന്നു സർക്കാരിന്‍റെ ഭാഗമായിരുന്നു. തൃണമൂലിനു പിന്നാലെയാണു കോൺഗ്രസും ഇതേവിഷയം ഉയർത്തിയത്.