
ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ നയത്തിൽ സുപ്രധാന ഭേദഗതിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ മുഴുവൻ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിലാണു ഭേദഗതി വരുത്തിയത്. ഇതോടെ, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾ "ഓൾ പാസ്' സമ്പ്രദായത്തിൽ നിന്നു പുറത്താകും. ഈ ക്ലാസുകളിലെ കുട്ടികൾ വാർഷിക പരീക്ഷയിൽ പരാജയപ്പെട്ടാൽ രണ്ടു മാസത്തിനിടെ ഒരു അവസരം കൂടി നൽകും. അതിലും പരാജയപ്പെട്ടാൽ ഒരു വർഷം കൂടി അതേ ക്ലാസിൽ തുടരേണ്ടിവരും.
അതേസമയം, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ ഒരു വിദ്യാർഥിയെയും സ്കൂളിൽ നിന്നു പുറത്താക്കാനാവില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ ഒരു വിദ്യാർഥിയെയും തോൽപ്പിക്കാനോ സ്കൂളിൽ നിന്നു പുറത്താക്കാനോ പാടില്ലെന്നാണ് നിലവിൽ പിന്തുടരുന്ന നോ-ഡിറ്റൻഷൻ നയം. ഈ നിയമമാണു ഭേദഗതി ചെയ്തത്. പുതിയ രീതി കുട്ടികളുടെ പഠനഫലം മെച്ചപ്പെടുത്താൻ ഭേദഗതി സഹായിക്കുമെന്ന കണക്കുകൂട്ടലിലാണു കേന്ദ്രം. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ എന്നിവയടക്കം കേന്ദ്രസർക്കാരിന് കീഴിലുള്ള മൂവായിരത്തിലധികം സ്കൂളുകൾക്ക് ഭേദഗതി ബാധകമാകും.
എന്നാൽ, സ്കൂൾ വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാൽ ഭേദഗതി നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കു വിവേചനാധികാരമുണ്ട്. 16 സംസ്ഥാനങ്ങളും ഡൽഹി ഉൾപ്പെടെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളും നോ ഡിറ്റൻഷൻ നയം നേരത്തേ അവസാനിപ്പിച്ചിരുന്നു. ഹരിയാനയും പുതുച്ചേരിയും നിലപാടെടുത്തിട്ടില്ല. മറ്റു സംസ്ഥാനങ്ങൾ നോ ഡിറ്റൻഷൻ നയവുമായി മുന്നോട്ടുപോകുകയാണ്. നോ ഡിറ്റൻഷൻ നയം നിർത്തുന്നത് വിദ്യാർഥികളുടെ സമ്മർദം വർധിപ്പിക്കുമെന്നും നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണു പഠിതാക്കളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നുമാണ് കേരളത്തിന്‍റെ നിലപാട്. പുതിയ ഭേദഗതി കേരളം സ്വീകരിക്കുമോ എന്നു വ്യക്തമല്ല. ഒരേ ക്ലാസിൽ തുടർപഠനം വേണ്ടിവരുമ്പോൾ കുട്ടിയുടെ പഠനശേഷിയിലെ പ്രശ്നങ്ങൾ ക്ലാസ് ടീച്ചർക്കും മാതാപിതാക്കൾക്കും മനസിലാക്കാനാകുമെന്നും അധിക ശ്രദ്ധ നൽകി ഇതു പരിഹരിക്കാൻ വഴിയൊരുങ്ങുമെന്നും കേന്ദ്രം വിജ്ഞാപനത്തിൽ പറഞ്ഞു.