സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത 2873 പേർക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനും പൊലീസ് അനുമതി തേടി
centre approaches supreme court seeking quashing of cases registered over cjp protest

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

Updated on

ന്യൂഡൽഹി: ജന്തർ മന്തറിൽ ജൂലൈ 20നും 25നും ഇടയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പതിമൂന്ന് എഫ്ഐആറുകൾ റദ്ദാക്കാൻ ഡൽഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയുടെ പ്രത്യേക അധികാരം പ്രയോഗിച്ച് കേസ് റദ്ദാക്കണമെന്നാണ് അഭ്യർഥന. കേസ് പിൻവലിക്കാമെന്ന വാഗ്ദാനം പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സിജെപി സെപ്റ്റംബർ അഞ്ചിനു രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെയാണ് ഡൽഹി പൊലീസിന്‍റെ നീക്കം. കലാപം, കൊലപാതക ശ്രമം, പൊതുമുതൽ നശീകരണം തുടങ്ങിയ കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. മോഷണശ്രമത്തിനായിരുന്നു ഒരു കേസ്.

എന്നാൽ, ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത 2873 പേർക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനും പൊലീസ് അനുമതി തേടി. ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നു പൊലീസ് പറയുന്നു. അക്രമത്തിലും പൊതുമുതൽ നശീകരണത്തിലും ഇവർക്കുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കാനാണു പുതിയ കേസ് എടുക്കേണ്ടതെന്നു പൊലീസ്. ജന്തർ മന്തറിലെ സമരത്തിൽ ക്രിമിനലുകൾ കടന്നുകൂടിയിട്ടുണ്ടെന്നു പൊലീസ് നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇവരിൽ മൂവായിരത്തോളം പേരെ മുഖം തിരിച്ചറിയാനുള്ള ക്യാമറകൾ വഴി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മാർച്ച് തടയണമെന്ന ആവശ്യം തള്ളി

സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ സിജെപി നടത്താനിരിക്കുന്ന മാർച്ച് തടയണമെന്ന ഡൽഹി പൊലീസിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രക്ഷോഭകർ ക്രമസമാധാനം പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. പ്രക്ഷോഭകർ ഉത്തരവാദിത്വത്തോടെ പെരുമാറുമെന്നാണു കരുതുന്നത്. പൊലീസും പ്രക്ഷോഭകരും പരസ്പര ബഹുമാനം പുലർത്തുമെന്നും നിയമം പാലിക്കുമെന്നും കരുതുന്നതായി സുപ്രീം കോടതി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com