ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം

യുഎസ് ആക്രമണ ഭീഷണിക്ക് പിന്നാലെ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ
Centre asks Indians in Iran to leave

മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടാൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് വലിയ വെല്ലുവിളിയാകും.

Updated on
Summary

ഇറാനിലെ മോശമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്നും അങ്ങോട്ടുള്ള പുതിയ യാത്രകൾ ഒഴിവാക്കണമെന്നുമാണ് നിർദേശം. അമെരിക്കയുടെ സൈനിക ആക്രമണ ഭീഷണിയും ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുമാണ് ഇന്ത്യയെ ഇത്തരമൊരു അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്.

ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ കടുക്കുകയും അമെരിക്കയുടെ സൈനിക ആക്രമണ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദേശം (Travel Advisory) നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും, അങ്ങോട്ടേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് തയാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ഇറാനിലെ വിവിധ നഗരങ്ങളിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾ വ്യാപിക്കുകയാണ്. സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും കൈവിട്ടുപോകാൻ സാധ്യതയുള്ളതിനാലാണ് പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇങ്ങനെയൊരു 'അഡ്വൈസറി' പുറപ്പെടുവിച്ചത്.

എംബസിയുടെ നിർദേശങ്ങൾ

  • ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

  • ഇറാനിൽ താമസിക്കുന്നവർ ഉടൻ തന്നെ എംബസിയിൽ രജിസ്റ്റർ ചെയ്യണം.

  • അനാവശ്യമായ യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ ഇടങ്ങളിൽ തുടരുക.

  • വിമാന സർവീസുകൾ ലഭ്യമായ സമയത്ത് തന്നെ മടങ്ങാൻ തയാറാകുക.

ഇന്ത്യയുടെ ആശങ്ക

ഇറാനിൽ വൻതോതിൽ ഇന്ത്യൻ തൊഴിലാളികളും വിദ്യാർഥികളുമുണ്ട്. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടാൽ ഇവരെ ഒഴിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാകും. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ധാരാളം പേർ ഇറാനിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ഡൊണാൾഡ് ട്രംപിന്‍റെ പുതിയ ഭരണകൂടം ഇറാനെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് മിഡിൽ ഈസ്റ്റിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. മറ്റ് അയൽരാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് സമാനമായ നിർദേശം നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com