
സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ സ്കൂളുകളിലും കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി. രാജ്യത്ത് സ്കൂൾ കെട്ടിടം തകർന്ന് അപകടങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. സ്കൂളുകൾ, കുട്ടികളും യുവാക്കളും ഉപയോഗിക്കുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കി. കെട്ടിടത്തിന്‍റെ ഘടനാപരമായ ഉറപ്പ്, അഗ്നിബാധാ സുരക്ഷ, അടിയന്തര സുരക്ഷാ മാർഗങ്ങൾ, ഇലക്‌ട്രിക്കൽ വയറിങ് എന്നിവയെല്ലാം ദേശീയ ദുരന്ത നിവാരണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം. എവിടെയെങ്കിലും വീഴ്ചയുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വേണ്ട മുൻകരുതൽ, നിർബന്ധമായി സൂക്ഷിക്കേണ്ട സുരക്ഷാ സാമഗ്രികൾ തുടങ്ങിയവയെക്കുറിച്ചു സ്കൂൾ ജീവനക്കാർക്കും കുട്ടികൾക്കും അറിവുണ്ടായിരിക്കണം.
അടിയന്തര ഒഴിപ്പിക്കൽ, പ്രാഥമിക ചികിത്സ, അഗ്നിസുരക്ഷ എന്നിവയിൽ പരിശീലനം നൽകണം. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, അഗ്നി രക്ഷാ വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പുകളുമായി ചേർന്നു പ്രവർത്തിക്കണമെന്നും മോക് ഡ്രില്ലുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിനോട് മന്ത്രാസയം നിർദേശിച്ചു. ഭൗതിക സുരക്ഷയ്ക്കൊപ്പം കുട്ടികളുടെ വൈകാരിക, മനഃശാസ്ത്രപരമായ ആവശ്യങ്ങളും പരിഗണിക്കപ്പെടണം. കൗൺസലിങ് സെഷനുകൾ സംഘടിപ്പിക്കണമെന്നും കേന്ദ്രം.
കുട്ടികൾക്ക് ഹാനികരമായ എന്തെങ്കിലും സാഹചര്യം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങളിൽ പ്രത്യേക സംവിധാനം രൂപീകരിക്കണം. വിവരങ്ങൾ ഈ സംവിധാനം 24 മണിക്കൂറിനുള്ളിൽ അധികൃതർക്ക് കൈമാറുകയും ഉടൻ നടപടിയെടുക്കുകയും ചെയ്യണം. വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. മാതാപിതാക്കൾ രക്ഷിതാക്കൾ, പ്രാദേശിക നേതാക്കൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ സ്കൂളുകളിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ, കളിക്കളങ്ങൾ, മറ്റു സംവിധാനങ്ങൾ, ഗതാഗതം എന്നിവയെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം. ഇതിനായി അവരെ ബോധവത്കരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്ന് കഴിഞ്ഞ ദിവസം ആറു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ സ്കൂൾ ഗേറ്റ് വീണ് ആറു വയസുകാരൻ മരിച്ചു. കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതും ആലപ്പുഴയിൽ സ്കൂൾ കെട്ടിടം തകർന്നതും കേരളത്തെ നടുക്കിയിരുന്നു.